കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ജൂണ്‍ 1,3,5,6 തീയതികളിലായി പരീക്ഷകള്‍ പൂര്‍ത്തിയാക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതുന്നതിന് റജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു.
റജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. ജൂണ്‍ 8,9,10 തീയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളജുകളില്‍ നടക്കും. പ്രോജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കും. ജൂണ്‍ 12ന് പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് സര്‍വകലാശാലയ്ക്കു നല്‍കണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇത്തവണ എക്സ്റ്റേണല്‍ എക്സാമിനര്‍മാരെ നിയമിക്കില്ല.
അതത് കോളജിലെ അധ്യാപകര്‍ക്കാണ് ചുമതല. ജൂണ്‍ 11 മുതല്‍ ഹോംവാല്യുവേഷന്‍ രീതിയില്‍ മൂല്യനിര്‍ണയം ആരംഭിക്കും. അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് ബിരുദ പരീക്ഷകള്‍ ജൂണ്‍ 8,9,10,11,12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതതു കോളജുകളില്‍ നടത്തും. കോളജിലെ മുതിര്‍ന്ന അധ്യാപകനെ പരീക്ഷചീഫായി നിയോഗിക്കും. പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകള്‍ കോളജുകള്‍ അടിയന്തരമായി നടത്തണമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.