എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിച്ച മൂന്നാമത്തെ ചിത്രം മഹാവീര്യർ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. രണ്ട് വ്യത്യസ്ഥമായ കഥകളെ ഒരേ സമയം അവതരിപ്പിക്കുകയും മികച്ച രീതിയിൽ അവയെ ബ്ലെൻഡ് ചെയ്ത് പുതുമയുള്ള ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയുമാണ് മഹാവീര്യർ. സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥ, പത്തുവർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച, മലയാളസിനിമയില്‍ അപൂര്‍വമായ ടൈംട്രാവല്‍-ഫാന്റസി സിനിമ.
മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥാഗതിയും വിഷ്വൽ ട്രീറ്റും ചേർന്നതാണ് മഹാവീര്യർ എന്ന് നിസംശയം പറയാം. നമ്മുടെ സിസ്റ്റത്തോടും നിയമങ്ങളോടുമല്ലാം പല വിധത്തിൽ സംവദിക്കുന്നുണ്ട് മഹാവീര്യർ. കോടതിയിൽ പ്രതിപാദിക്കുന്ന നിയമങ്ങളും ലോ പോയിന്റുകളുമല്ലാം ഏത് കാലഘട്ടത്തിലും പ്രസക്തമാണെന്ന് പറയാതെ പറയുന്നുണ്ട്. ഒരേ സമയം രണ്ട് വ്യത്യസ്ത കഥകൾ പറഞ്ഞു പോകുന്ന രീതിയിലാണ് സിനിമയുടെ കഥ പറച്ചിൽ. ഈ രണ്ടു കഥകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഒരു കോടതി മുറിയാണ്. അവിടത്തെ വാദ പ്രതിവാദങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
രാഷ്ട്രീയചിത്രമെന്ന നിലയിലും ഫാന്റസി ചിത്രമെന്ന നിലയിലും വീര്യത്തില്‍ മുന്‍പന്തിയില്‍ത്തന്നെയാണ് മഹാവീര്യര്‍. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഇഷാന്‍ ചാബ്രയുടേതാണ് സംഗീതം. എഡിറ്റര്‍-മനോജ്, സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്സിംഗ്-വിഷ്ണു ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിയ്ക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ അനീഷ് നാടോടി, മേക്കപ്പ് ലിബിന്‍,കോസ്റ്റും ചന്ദ്രകാന്ത് സോനാവെന്‍, മെല്‍വി. ജെ.പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ശ്യാം ലാല്‍.