വിചാരണ അനിശ്ചിതമായി നീളുന്നു; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മദനി

ബംഗളുരു: വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാകും സുപ്രീം കോടതിയെ സമീപിക്കുക.

തദ്ദേശവകുപ്പ് മന്ത്രി കെ ടി ജലീല്‍ മദനിയെ ബംഗളുരുവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

മദനി കുറ്റക്കാരന്‍ അല്ലെന്ന് ബോധ്യമുള്ളതിനാല്‍ അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയെങ്കിലും ദുസ്സഹമാക്കാനാണ് വിചാരണ നീട്ടിക്കൊണ്ടുപോകുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

2008ല്‍ നടന്ന ബംഗളുരു സ്‌ഫോടനപരമ്പരക്കേസിലെ 31ാം പ്രതിയാണ് മദനി. നഗരം വിട്ടുപോകരുതെന്ന ഉപാധിയില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മദനി.

Top