മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ലതിക സുഭാഷിനു ചുമതല നല്‍കിയത്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ലതിക സുഭാഷ്.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അഞ്ചു പേരില്‍നിന്നാണ് ഐ ഗ്രൂപ്പിലെ ലതികയെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ലതികയെക്കൂടാതെ അഡ്വ. ഫാത്തിമ റോഷന്‍ (മലപ്പുറം), എറണാകുളം ജില്ലപഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, എറണാകുളം ഡിസിസി സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ (കോഴിക്കോട്) എന്നിവരെയാണ് അഭിമുഖത്തിനായി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്.

സാധാരണഗതിയില്‍ സംസ്ഥാന മഹിളകോണ്‍ഗ്രസ് അധ്യക്ഷയെ നേതൃത്വവുമായി കൂടിയാലോചിച്ച് ദേശീയ മഹിള കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപിക്കാറാണ് പതിവ്. എന്നാല്‍ എ, ഐ ഗ്രൂപ്പുകളുടെ വടംവലിക്കിടയില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുക്കുന്നതിലുള്ള പ്രയാസം വ്യക്തമാക്കി ദേശീയ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിതദേവി സെന്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടുകയായിരുന്നു.

Top