രജപക്‌സെയെ അജ്ഞാത കേന്ദ്രത്തിലെത്തിച്ച് സൈന്യം; പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വിവിധ നഗരങ്ങളിൽ നടന്ന സംഘർഷത്തിൽ 200 ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ കഴിഞ്ഞ ദിവസമാണ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് മണിക്കൂറുകൾക്ക് മുൻപ്‌ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ രാജപക്‌സെയുടെ അനുയായികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ദേശവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ ഉറപ്പാക്കാൻ സൈന്യത്തെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

രജപക്‌സെയെ സൈന്യം രക്ഷിച്ച് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. പ്രക്ഷോഭകർ ഔദ്യോഗിക വസതി കയ്യേറാൻ ശ്രമിച്ചതോടെയാണ് രജപക്‌സെയെ സൈന്യം അജ്ഞാത കേന്ദ്രത്തിൽ എത്തിച്ചത്. അതിനിടെ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് രജപക്‌സെയ്‌ക്കെതിരെ നേതാക്കൾ ആരോപിക്കുന്നത്.

സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ സർക്കാർ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടതിന് പിന്നിൽ രജപക്‌സെയുടെ പ്രസംഗമാണ്. ആയിരക്കണക്കിന് സർക്കാർ അനുകൂലികൾക്ക് മുൻപാകെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ രജപക്‌സെ പ്രസംഗിച്ചതായി പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. രജപക്‌സെയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം എ സുമന്തിരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കർഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങൾ തെരുവിൽ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സെയുടെ വസതി ഉൾപ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ അഗ്‌നിക്കിരയാക്കി. രാജ്യത്തിന്റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് ശ്രീലങ്കയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മഹിന്ദ രജപക്‌സെയുടെയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്കാണ് പ്രതിഷേധക്കാർ തീവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മുൻ മന്ത്രി നിമൽ ലൻസയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.

Top