കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.26 ലക്ഷം രൂപ മുതല്‍ പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX വില കുറിക്കും.
വര്‍ധിച്ച 1,000 കിലോ പെയ്ലോഡ് ശേഷിയാണ് ZX വകഭേദത്തിന്റെ പ്രധാന സവിശേഷതയായി എടുത്തു പറയേണ്ടത്. മോഡലില്‍ തുടിക്കുന്ന 2.5 ലിറ്റര്‍ m2DiCR ഡീസല്‍ എഞ്ചിന് 63 bhp കരുത്തും 195 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.
സ്വതന്ത്ര മുന്‍ സസ്പെന്‍ഷന്‍ സംവിധാനവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നാലു വീല്‍ ഡ്രൈവ് ഓപ്ഷനും വിവിധ റോഡ് സാഹചര്യങ്ങളില്‍ ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX -നെ തുണയ്ക്കും. നിരയിലെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പരിഷ്‌കരിച്ച മുഖഭാവമാണ് ZX വകഭേദത്തിന്.
ഡ്രൈവറടക്കം അഞ്ചു പേര്‍ക്കാണ് ഉള്ളില്‍ ഇരിക്കാന്‍ കഴിയുക. ക്യാബിന് ഇരട്ടനിറമാണ്. പുതിയ സെന്റര്‍ കണ്‍സോള്‍, തുകലെന്ന് തോന്നിപ്പിക്കുന്ന സീറ്റുകള്‍, ഹെഡ്റെസ്റ്റ്, റിക്ലൈനര്‍, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, പവര്‍ സ്റ്റീയറിങ് എന്നിവയെല്ലാം മോഡലിന്റെ അകത്തള വിശേഷങ്ങളില്‍പ്പെടും. എയര്‍ കണ്ടീഷണിങ് സംവിധാനവും ബൊലേറോ ക്യാമ്പറില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തിയിട്ടുണ്ട്.