mahindra discount 2.71 lakhs

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു വില്‍പ്പനയില്‍ നേരിടുന്ന ഇടിവു മറികടക്കാന്‍ ചില മോഡലുകള്‍ക്കു വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്തു യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം).

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പണലഭ്യത പരിമിതമായതോടെ ഡീലര്‍ഷിപ്പുകളില്‍ വാഹനം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണു മഹീന്ദ്രയുടെ ഈ നീക്കം.

രാജ്യത്തെ ഡീലര്‍മാരുമായി നടത്തിയ വിഡിയൊ കോണ്‍ഫറന്‍സിനിടയിലാണു കമ്പനി വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചതെന്നാണു സൂചന. ചില മോഡലുകളുടെ വിലയില്‍ 2.71 ലക്ഷം രൂപയുടെ വരെ കുറവാണ് കമ്പനി അനുവദിച്ചിരിക്കുന്നത്.

അടുത്ത 40 ദിവസത്തെ വില്‍പ്പനയ്ക്ക് ആവശ്യമായ വാഹനങ്ങളാണു രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായിട്ടുള്ളത്. പണലഭ്യത കുത്തനെ ഇടിഞ്ഞതോടെ ഗ്രാമീണ, അര്‍ധനഗര മേഖലകളിലെ വില്‍പ്പന കുത്തനെ ഇടിഞ്ഞതാണു കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി.

ഇതോടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്‌കോര്‍പിയൊ’യ്ക്കു വില്‍പ്പന കേന്ദ്രവും മോഡലും അടിസ്ഥാനമാക്കി അര ലക്ഷം രൂപയുടെ വരെ വിലക്കിഴിവാണു മഹീന്ദ്ര അനുവദിച്ചിരിക്കുന്നതെന്നാണു സൂചന. പ്രധാനമായും ഗ്രാമീണ മേഖലയില്‍ വിറ്റു പോയിരുന്ന ‘ബൊലേറൊ’യ്ക്കാവട്ടെ 67,000 രൂപയുടെ വരെ വിലക്കിഴിവ് നിലവിലുണ്ട്.

പ്രീമിയം എസ് യു വിയായ ‘എക്‌സ് യു വി 500’ വിലയില്‍ 89,000 രൂപയുടെയും കോംപാക്ട് എസ് യു വിയായ ‘കെ യു വി 100’ വിലയില്‍ 73,000 രൂപയുടെയുമൊക്കെ ആനുകൂല്യമാണു നിലവിലുള്ളത്. ഏതാനും മാസമായി കാര്യമായി വില്‍പ്പന കൈവരിക്കാനാവാതെ പോയതോടെയാണ് ‘കെ യു വി 100’ വില ഗണ്യമായി കുറയ്ക്കാന്‍ മഹീന്ദ്ര നിര്‍ബന്ധിതരായത്.

കൊറിയന്‍ ഉപസ്ഥാപനമായ സാങ്യങ്ങില്‍ നിന്നുള്ള എസ് യു വിയായ ‘റെക്സ്റ്റണ്‍’ വിലയിലാണ് ഏറ്റവും വലിയ ഇളവ് നിലവിലുള്ളത്; മോഡലും വില്‍പ്പന കേന്ദ്രവും അടിസ്ഥാനമാക്കി 2.71 ലക്ഷം രൂപയുടെ വരെ ഇളവാണ് ‘റെക്സ്റ്റണ്‍’ പ്രേമികളെ കാത്തിരിക്കുന്നത്.

വര്‍ഷാവസാനം വരെ വിവിധ മോഡലുകള്‍ക്കുള്ള വിലക്കിഴിവ് തുടരാനാണു സാധ്യത. നവംബറിലെ വില്‍പ്പന 2015ല്‍ ഇതേ മാസത്തെ അപേക്ഷിച്ച് 29.49% ഇടിഞ്ഞതായും മഹീന്ദ്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2015 നവംബറില്‍ 39,383 യൂണിറ്റ് വിറ്റ സ്ഥാനത്തു കഴിഞ്ഞ മാസത്തെ വില്‍പ്പന 29,814 വാഹനങ്ങള്‍ മാത്രമായിരുന്നു.

വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെയും ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെയുമൊക്കെ ഡീലര്‍ഷിപ്പുകളില്‍ മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ അധിക സ്റ്റോക്ക് നിലവിലിണ്ടാവുമെന്ന് ഉറപ്പാണ്.

അതുകൊണ്ടുതന്നെ പണലഭ്യതയിലെ പരിമിതി വില്‍പ്പനയില്‍ തിരിച്ചടി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നിര്‍മാതാക്കളും വിലക്കഴിവുകള്‍ അനുവദിക്കാന്‍ സാധ്യതയേറെയാണ്

Top