2021 ജൂലൈ രണ്ടാം വാരമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കിയത്. ഈ പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബൊലേറോ നിയോയുടെ ശ്രേണിയില്‍ പുതിയൊരു മോഡല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് കമ്പനി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍10 (ഒ) എന്ന പുതിയ വേരിയന്റാണ് എത്തുന്നത്. 10.69 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ടോപ്പ്-സ്‌പെക്ക് മോഡല്‍ എന്‍10 നേക്കാള്‍ ഏകദേശം 70,000 രൂപ അധികമാണിതിന്.
ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വാഹനത്തില്‍ മള്‍ട്ടി ടെറൈന്‍ ടെക്‌നോളജി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്‍10 (ഒ) വേരിയന്റ് ബലേറോ നിയോ എസ്യുവിയില്‍ മാനുവല്‍ ലോക്ക് ഡിഫറന്‍ഷ്യല്‍ ഫീച്ചര്‍ ഉണ്ടായിരിക്കും. 2021 ബലേറോ നിയോ, നാപോളി ബ്ലാക്ക്, മജസ്റ്റിക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, റോക്കി ബീജ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡയമണ്ട് വൈറ്റിന് പകരം പേള്‍ വൈറ്റ് കളര്‍ ഓപ്ഷനോടെ എന്‍10 (ഒ) വേരിയന്റ് അഞ്ച് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.
പുറത്തിറങ്ങി മൂന്ന് ആഴ്ചകള്‍ക്കകം പുത്തന്‍ ബൊലേറോയെ തേടി 5,500-ല്‍ അധികം ബുക്കിംഗുകളാണ് എത്തിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 5,500 ബുക്കിംഗുകള്‍ക്കൊപ്പം 30,000ത്തില്‍ അധികം എന്‍ക്വയറികളും നിയോ പതിപ്പിന് ലഭിച്ചതായും മഹീന്ദ്ര അവകാശപ്പെടുന്നു.
പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. ശക്തവും എവിടെയും പോകാന്‍ ശേഷിയുമുള്ള എസ്യുവി അന്വേഷിക്കുന്ന പുതു തലമുറ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പന, പ്രകടനം, എന്‍ജിനീയറിങ് മികവ് എന്നിവ പുതിയ ബൊലേറോ നിയോയെ ഭയമില്ലാത്ത യുവ ഇന്ത്യയ്ക്ക് ആധുനികവും ഒഴിവാക്കാനാകാത്തത്തുമായ എസ്യുവിയാക്കിയാക്കുന്നുവെന്നും കമ്പനി പറയുന്നു.
1.5 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍, പുതുക്കിയ പുറംഭാഗം, വിശാലമായ ക്യാബിന്‍, മാന്യമായ ഉപകരണ ലിസ്റ്റ് എന്നിവയെല്ലാമാണ് ബൊലേറോ നിയോയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് എസ്യുവിയുടെ ഹൃദയം. സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്‌ക്വയര്‍ ഹെഡ്ലാമ്പുകള്‍, സൈഡ് ബോഡിയില്‍ ബ്ലാക്ക് ക്ലാഡിംഗ്, ടെയില്‍ ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നിവ X-ആകൃതിയിലുള്ള ബോഡി-കളര്‍ കവറിനൊപ്പം നിയോയ്ക്ക് സിഗ്‌നേച്ചര്‍ ലുക്കാണ് നല്‍കുന്നത്.
ബൊലേറോ നിയോയുടെ ക്യാബിന് 5+2 സീറ്റിംഗ് ലേഔട്ട്, ബ്ലാക്ക് ആന്‍ഡ് ബീജ് നിറം, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് ആങ്കറേജുകള്‍, ബ്ലൂ സെന്‍സ് കാര്‍ ടെക് എന്നിവയാണ് മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്.