മഹീന്ദ്ര വാഹന വില കുത്തനെ കൂട്ടുന്നു

രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില കുത്തനെ കൂട്ടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ അടുത്തുള്ള വര്‍ദ്ധനവാണ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് മഹീന്ദ്ര വരുത്തിയിരിക്കുന്നത്. മഹീന്ദ്ര ലൈനപ്പില്‍ ഥാര്‍ എസ്‌യുവിക്കാണ് ഏറ്റവുമധികം വില കൂടുക. ഥാര്‍ ശ്രേണിയില്‍ 32,000 രൂപ മുതല്‍ 92,000 രൂപ വരെയായിരിക്കും വര്‍ധനയുണ്ടാവുക.

ബൊലേറോ, മരാസോ, സ്‌കോര്‍പിയോ, എക്‌സ് യു വി 300 എന്നിവയാണ് വില വര്‍ദ്ധിച്ച മറ്റ് മഹീന്ദ്ര വാഹനങ്ങള്‍. എന്നാല്‍ ഈ കാറുകള്‍ക്ക് വില രണ്ടോ മൂന്നോ ശതമാനം മാത്രമേ വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ. മഹീന്ദ്രയുടെ അത്ര ജനപ്രിയമല്ലാത്ത വാഹനങ്ങള്‍ക്ക് ചെറിയ വില വര്‍ദ്ധനവ് മാത്രമേ വരുത്തിയിട്ടുള്ളൂ.

മഹീന്ദ്ര എക്‌സ്‌യുവി 500 -ന് 3,000 രൂപയ്ക്കടുത്തും കെയുവി 100-ന് 2670 രൂപയും അള്‍ടുറാസിന് 3300 രൂപയുമാണ് കൂടുക. എക്‌സ്.യു.വി. 300-ശ്രേണിയില്‍ 3600 രൂപ മുതല്‍ 24,000 രൂപ വരെ കൂടും. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ ബൊലേറോയ്ക്ക് 21,000 മുതല്‍ 22,600 രൂപ വരെ കൂടും.

മരാസോ എംപിവിയുടെ വിലയില്‍ 26,000 മുതല്‍ 30,000 രൂപയുടെ വരെ വര്‍ദ്ധനയാണ് ഉണ്ടാവുക. സ്‌കോര്‍പിയോയുടെ വില യില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ വര്‍ദ്ധന വരും. 2021 ല്‍ മഹീന്ദ്ര ഇത് മൂന്നാമത്തെ വില വര്‍ധനയാണ് നടപ്പാക്കുന്നത്. 2021 മെയ് മാസത്തില്‍ ആയിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്.

വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വിലയിലെ വര്‍ദ്ധന തന്നെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂലായ് മുതല്‍ തന്നെ കാറുകളുടെ വിലവര്‍ധിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം. 2021 ല്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വാഹന വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൊവിഡ് സാഹചര്യങ്ങളില്‍ വില്‍പന കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ പോലും വില കൂട്ടേണ്ട സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കള്‍. അതുപോലെ തന്നെ വാഹന നിര്‍മാണത്തിന് ആവശ്യമായ ചിപ്പുകളുടെ ലഭ്യതയും വിലക്കയറ്റവും ഒരു പ്രശ്നമാണ്.

അതേസമയം ബുക്ക് ചെയ്ത നിരവധി മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടും ഥാറിന് ആവശ്യക്കാരേറെയാണ്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്.

കാറിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ വിതരണത്തിലെ തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ ഇപ്പോഴും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

കാറിന്റെ നിര്‍മ്മാണത്തിനായി ബ്രാന്‍ഡിന് ചെലവാകുന്ന വിലയാണ് വില വര്‍ദ്ധനവിന് കാരണം. ഉയര്‍ത്തിയ വിലകള്‍ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021ല്‍ തന്നെ ഇത് മൂന്നാം തവണയാണ് മഹീന്ദ്ര വില വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത്. ഫെബ്രുവരിയില്‍ ആദ്യ വില വര്‍ദ്ധനവ് പ്രഖ്യാപിക്കുകയും രണ്ടാമത്തേത് ഏതാനും മാസങ്ങള്‍ക്ക് ശേഷം മെയ് മാസത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിലക്കയറ്റം കണക്കിലെടുക്കാതെ ഥാറിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം സോഫ്റ്റ്-ടോപ്പ്, കണ്‍വേര്‍ട്ടിബിള്‍, ഹാര്‍ഡ്ടോപ്പ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ബോഡി സ്‌റ്റൈലുകളാണ്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഥാറിന്റെ മുഖം.

എന്നാല്‍ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാര്‍ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകര്‍ഷിക്കുന്നതാണു പുതിയ മോഡല്‍ എന്നതാണ് ശ്രദ്ധേയം. ഗ്ലോബല്‍ NCAP-യില്‍ നിന്ന് 4-സ്റ്റാര്‍ സുരക്ഷ റേറ്റിംഗും സ്വന്തമാക്കിയിരുന്നു.

 

Top