പുതിയ മഹീന്ദ്ര ഥാര്‍ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കും

ഹീന്ദ്രയുടെ വരാനിരിക്കുന്ന പുതുതലമുറ ഥാര്‍ ഓഫ് റോഡര്‍ എസ്.യു,വി 2020ഓടോ വിപണിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ഥാര്‍ മഹീന്ദ്ര പുറത്തിറക്കുമെന്നാണ് സൂചന. ഥാറിന് പുറമേ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്‌യുവി 500 മോഡലുകളും സുരക്ഷ വര്‍ധിപ്പിച്ച് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ഥാറിന് 10 ലക്ഷം രൂപ റേഞ്ചില്‍ വില പ്രതീക്ഷിക്കാം.

പുതിയ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും 2020 ഥാറിന്റെ നിര്‍മാണം. ബോഡിയുടെ ദൃഢത കൂട്ടി ക്രാഷ് ടെസ്റ്റ് കടമ്പ മറികടക്കാന്‍ ഇതുവഴി സാധിക്കും. എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളെല്ലാം പുതിയ ഥാറില്‍ അടിസ്ഥാന സൗകര്യങ്ങളായി ഒരുങ്ങും. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും വേഗ മുന്നറിയിപ്പ് സംവിധാനവും എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചനായിരിക്കും ഥാറില്‍ തുടിക്കുക. മറാസോയിലെ 1.5 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിനും ഒരുപക്ഷെ അവസരം ലഭിച്ചേക്കും. പുത്തന്‍ പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കള്ളയാനാവില്ല. അടുത്തകാലത്തായി ഓഫ്‌റോഡ് എസ്‌യുവികള്‍ക്ക് നിര്‍മ്മാതാക്കള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്ന പ്രവണത കൂടി വരികയാണ്. നിലവില്‍ രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് ഥാറിലുള്ളത്; 2.5 ലിറ്ററും 2.6 ലിറ്ററും

2.5 ലിറ്റര്‍ CRDe എഞ്ചിന്‍ യൂണിറ്റ് 105 bhp കരുത്തും 247 Nm torque ഉം പരമാവധി സൃഷ്ടിക്കും. 2.6 ലിറ്റര്‍ Di എഞ്ചിന്‍ യൂണിറ്റ് ഉത്പാദിപ്പിക്കുന്നതാകട്ടെ 63 bhp കരുത്തും 195 Nm torque ഉം. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകള്‍ ഥാറില്‍ അണിനിരക്കുന്നുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Top