ഓട്ടോ എക്‌സ്‌പോയില്‍ താരമായി മഹീന്ദ്രയുടെ പുതിയ മോഡല്‍ ഥാര്‍ വാണ്ടര്‍ലസ്റ്റ്

mahindra

ന്ത്യന്‍ വാഹന നിര്‍മ്മാതക്കളായ മഹീന്ദ്ര കാഴ്ചവെച്ച ഥാര്‍ വാണ്ടര്‍ലസ്റ്റാണ്‌ ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയില്‍ താരമായിരിക്കുന്നത്. മികച്ച രീതിയില്‍ മോഡിഫൈ ചെയ്‌തെടുത്ത ഥാറാണ് ‘വാണ്ടര്‍ലസ്റ്റ്’. മഹീന്ദ്ര നിരയില്‍ ഥാര്‍ ഡേബ്രേക്ക് എഡിഷന് മുകളിലാണ് പുതിയ ഥാര്‍ വാണ്ടര്‍ലസ്റ്റ് എഡിഷന്റെ സ്ഥാനം.

എക്സ്റ്റീരിയര്‍ ബോഡി വര്‍ക്കില്‍ മാറ്റങ്ങളുമായാണ്‌ ഥാര്‍ വാണ്ടര്‍ലസ്റ്റ് എത്തുന്നത്. റിയര്‍ സീറ്റുകളിലേക്ക് എളുപ്പം കടക്കാനുള്ള ഗള്‍വിംഗ് സ്‌റ്റൈല്‍ ഡോറുകളാണ് മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ പ്രധാന സവിശേഷത. പുതിയ 7 സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, ഹുക്കുകള്‍, സര്‍ക്കുലാര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എയര്‍ ഇന്‍ടെയ്ക്കിന് വേണ്ടി വാണ്ടര്‍ലസ്റ്റില്‍ സ്‌നോര്‍ക്കല് ഒരുങ്ങിയിട്ടുണ്ട്. മാര്‍ക്കര്‍ ലൈറ്റുകളോടെയുള്ള ഹാര്‍ഡ് ടോപാണ് ഥാര്‍ വാണ്ടര്‍ലസ്റ്റിലെ മറ്റൊരു ആകര്‍ഷണം. ഥാറിന്റെ ഡേബ്രേക്ക് പതിപ്പിനെ പോലെ തന്നെ ഇലക്ട്രിക് ബ്ലൂ മാറ്റ് പെയിന്റ് സ്‌കീമില്‍ ഒരുങ്ങിയ വാണ്ടര്‍ലസ്റ്റും എസ്‌യുവിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട്.

സ്പാര്‍ക്കോ ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. നിലവിലുള്ള 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റിനെ ഒരുക്കിയിരിക്കുന്നത്.

105 bhp കരുത്തും 247 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. നിലവില്‍ വാണ്ടര്‍ലസ്റ്റിനെ വിപണിയില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം മഹീന്ദ്ര നല്‍കിയിട്ടില്ല.

Top