മഹാരാഷ്ട്രയുടെ പോലീസ് വാഹനമായി മഹീന്ദ്ര എക്സ്.യു.വി 700 എത്തുന്നു

ന്ത്യന്‍ നിര്‍മ്മിത വാഹന ബ്രാന്‍ഡായ മഹീന്ദ്രയുടെ വിവിധ മോഡലുകളാണ് രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പോലീസിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ വാഹന വ്യൂഹത്തിലും മഹീന്ദ്ര സ്‌കോര്‍പിയോ ഉള്‍പ്പെടെയുള്ള വാഹനങ്ങളുണ്ട്. എന്നാല്‍, പോലീസ് സേനയുടെ വാഹന വ്യൂഹത്തിലേക്ക് എത്തിയ ഒരുകൂട്ടം പുതിയ വാഹനങ്ങളിലാണ് എക്സ്.യു.വി 700-യും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പുതിയ വാഹനത്തിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചത്.

മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി സുസുക്കി സിയാസ്, ഫോഴ്സ് ട്രാവലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും മഹാരാഷ്ട്ര പോലീസ് സേനയ്ക്കായി പുതുതായി വാങ്ങയിട്ടുണ്ട്. മഹാരാഷ്ട്ര പോലീസ് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്.യു.വി 700 പോലീസ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ഫ്ളാഗ്ഓഫിനായി എത്തിച്ച വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഷോറൂമില്‍ നിന്ന് നേരിട്ട് എത്തിയതിനാലായിരിക്കും പോലീസ് സ്റ്റിക്കര്‍ നല്‍കാത്തതെന്നാണ് സൂചന.

പോലീസ് സേനയിലേക്ക് എത്തുന്ന എക്സ്.യു.വി 700 കളുടെ എണ്ണത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാജ്യത്തുടനീളമുള്ള പോലീസ് സേനയുമായി വര്‍ഷങ്ങളുടെ ബന്ധമാണ് മഹീന്ദ്രയ്ക്കുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹീന്ദ്രയുടെ ജീപ്പ്, 540 ഉള്‍പ്പെടെയുള്ള മോഡലായിരുന്നുവെങ്കില്‍ പുതിയ കാലഘട്ടത്തില്‍ മഹീന്ദ്ര സ്‌കോര്‍പിയോ, ബൊലേറൊ, ടി.യു.വി.300 തുടങ്ങിയ പുതുതലമുറ എസ്.യു.വികളാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പോലീസ് സേനയുടെ ഭാഗമായുള്ളത്.

എക്സ്.യു.വി.700-ലേക്ക് വന്നാല്‍, 2021 ഓഗസ്റ്റ് മാസത്തിലാണ് മഹീന്ദ്ര എക്‌സ്.യു.വി 700 എത്തിയത്. അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എ.എക്‌സ്, എം.എക്‌സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എം.എക്‌സ്. ശ്രേണിയില്‍ നാല് വേരിയന്റുകളാണ് എത്തുന്നത്. ഇതിന് 14.01 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, എ.എക്‌സ് ശ്രേണിയില്‍ വിവിധ സീറ്റിങ്ങിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുമായി 25 വേരിയന്റുകളാണുള്ളത്. ഇതിന് 16.49 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

അലക്സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വലിയ സീറ്റുകളും മികച്ച രീതിയിയില്‍ ഒരുക്കിയിട്ടുള്ള ഡാഷ്ബോര്‍ഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.

മഹീന്ദ്രയുടെ 601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Top