ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300. സൗത്ത് ആഫ്രിക്കയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ വാഹനമാണ് മഹീന്ദ്ര എക്‌സ്‍യുവി300. ഇന്ത്യയില്‍ നിര്‍മിച്ചാണ് ഈ വാഹനം സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലെയും വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റിന് ഒരേ മാനദണ്ഡമാണുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ എക്‌സ്.യു.വി 300 സേഫര്‍ ചോയിസ് അവാര്‍ഡ് നേടിയിരുന്നു.
നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി നിലനിർത്തിയിട്ടുണ്ട്. നേരത്തെ നടന്ന ക്രാഷ് പരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300. എയര്‍ബാഗ്, സീറ്റ് റിമൈന്‍ഡര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി തുടങ്ങിയവ ഇതിലെ അടിസ്ഥാന സുരക്ഷ ഫീച്ചറുകളാണ്. 2019 ഫെബ്രുവരി 14നാണ് മഹീന്ദ്ര XUV300 -യെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.