മഹീന്ദ്രയുടെ മാസ്റ്റര്‍ പ്ലാന്‍; കുറഞ്ഞ വിലയില്‍ വില്പന, വരുമാന വര്‍ധന

അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും, ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും വിപുലീകരിച്ചുകൊണ്ട് ഗണ്യമായ വരുമാന വര്‍ധനയിലേക്ക് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആഗോള വിപണിയില്‍ നിന്നുള്ള വരുമാനം ഏകദേശം മൂന്നിരട്ടിയാക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. താങ്ങാനാവുന്ന വില വാഗ്ദാനം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വിപണികള്‍ക്ക് അനുയോജ്യമായ പുതിയ ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി കമ്പനി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും (ഓട്ടോമോട്ടീവ് & ഫാം എക്യുപ്മെന്റ്) രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ സാങ്കേതികമായി പുരോഗമിച്ചതും ആഗോളതലത്തില്‍ ഫലപ്രദമായി മത്സരിക്കാന്‍ തക്കവിധം ആധുനികവുമാണെന്ന് മഹീന്ദ്ര വിശ്വസിക്കുന്നു. മഹീന്ദ്രയുടെ വിജയകരമായ അന്താരാഷ്ട്ര വിപണികളിലൊന്ന് സൗത്ത് ആഫ്രിക്കയാണ്. അവിടെ അസംബ്ലിംഗ് സൗകര്യം പ്രവര്‍ത്തിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഉല്‍പ്പന്ന നിരയില്‍ എക്‌സ്.യു.വി 300 സബ്കോംപാക്റ്റ് എസ്.യു.വി, എക്‌സ്.യു.വി700 എസ്.യു.വി, സ്‌കോര്‍പിയോ എന്‍ കൂടാതെ പിക്കപ്പ് ട്രക്കുകളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്നു. നിലവില്‍, ആഫ്രിക്ക, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലേക്ക് മഹീന്ദ്ര അതിന്റെ മോഡലുകള്‍ കയറ്റുമതി ചെയ്യുന്നു. ലാറ്റിനമേരിക്കയിലെ ചില ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് (എല്‍എച്ച്ഡി) വിപണികളിലും കമ്പനിക്ക് പ്രവര്‍ത്തനമുണ്ട്. മഹീന്ദ്ര അതിന്റെ ബോണ്‍ ഇലക്ട്രിക് ശ്രേണിയുമായി യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാനും ഒരുങ്ങുകയാണ്. അത് 2024 അവസാനത്തോടെ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷമാദ്യം, ബിഇ ( ബിഇ .05 , ബിഇ.07, ആന്‍ഡ് ബിഇ.09), എക്‌സ്.യു.വി .ഇ (എക്‌സ്.യു.വി.e8, എക്‌സ്.യു.വി.e9) എന്നീ ഉപബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ബോണ്‍ ഇലക്ട്രിക് എസ്.യു.വികള്‍ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു. ഈ ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്രയുടെ മോഡുലാര്‍ ഇന്‍ഗ്ലോ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുകയും ഫോക്സ്വാഗണ്‍ എംഇബി ആര്‍ക്കിടെക്ചറില്‍ നിന്നുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മഹീന്ദ്ര എക്‌സ്.യു.വി.e8, പ്രധാനമായും എക്‌സ്.യു.വി700-ന്റെ ഇലക്ട്രിക് പതിപ്പ്, പുറത്തിറക്കുന്ന ആദ്യത്തെ പ്രൊഡക്ഷന്‍-റെഡി മോഡല്‍ ആയിരിക്കും.

വരാനിരിക്കുന്ന എല്ലാ മഹീന്ദ്ര ഇലക്ട്രിക് എസ്.യു.വികളും 60 മുതല്‍ 80 കിലോവാട്ട് വരെ ബാറ്ററി ശേഷിയും 175 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കും. ഇത് 30 മിനിറ്റിനുള്ളില്‍ പൂജ്യം മുതല്‍ 80 ശതമാനം വരെ അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്നു. നൂതന ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ , 3 ഡി ഇന്‍-കാര്‍ ഓഡിയോ സിസ്റ്റം, മറ്റ് ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവയും ഈ ഈവികളില്‍ വരും. ഇത് ഇവി സെഗ്മെന്റില്‍ മഹീന്ദ്രയുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

Top