ഡല്‍ഹി: കാളീദേവിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ വിശ്വാസ സങ്കല്‍പ്പത്തിന്റെ മുകളില്‍ ബിജെപി യുടെ സങ്കല്‍പ്പങ്ങൾ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
കാളിയെന്നാല്‍ തന്റെ സങ്കല്‍പത്തില്‍ മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളില്‍ കാളീദേവിയ്ക്ക് വിസ്‌കി നേര്‍ച്ചയായി നല്‍കുമ്പോള്‍ മറ്റിടങ്ങളില്‍ അതിനെ ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവര്‍ മുന്‍പ് പ്രസ്താവന നടത്തിയിരുന്നു.
തനിക്കെതിരെ ബംഗാളില്‍ ഏത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാലും അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കാളീ ക്ഷേത്രമുണ്ടായിരിക്കും. അവിടെ നടക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറയുന്നത് ശരിയാണെന്നും അത് തങ്ങളുടെ സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള ആചാരമാണെന്നും അവര്‍ പറയുന്നു.