നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് കര്‍ഷക സമരം ഇല്ലാതാക്കാമെന്ന് കരുതണ്ട; മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: നുഴഞ്ഞുകയറ്റക്കാരനായ ദീപ് സിദ്ദുവിനെ ഉപയോഗിച്ച് കര്‍ഷകരുടെ പോരാട്ടം ഇല്ലാതാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഭൂരിപക്ഷത്തിന്റേതു മാത്രമായ ഒരു സര്‍ക്കാരും, വളഞ്ഞുകൂപ്പുക്കുത്തിയ നീതിന്യായ കോടതിയും, പാദസേവ ചെയ്യുന്ന മാധ്യമങ്ങളും വ്യാജ വിവരങ്ങള്‍ സൃഷ്ടിക്കുകയും പിന്തുണയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും മഹുവ കുറ്റപ്പെടുത്തി.

കര്‍ഷകര്‍ കലാപകാരികളാണെന്നും തീവ്രവാദ പിന്തുണയുള്ളവരാണെന്നുമുള്ള വ്യാജ പ്രചരണം ബി.ജെ.പി വീണ്ടും പയറ്റുകയാണെന്നും എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്നും മഹുവ പറഞ്ഞു. റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ത്തിന്റെ ഉത്തരവാദിത്തം കര്‍ഷകരുടെ തലയില്‍ കെട്ടിവെക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് മഹുവയുടെ പ്രതികരണം. എന്നാല്‍ ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ കൊണ്ടുപോയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.

ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

Top