ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ മഹുവ മൊയ്ത്ര നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ നിയമപരമായ നീക്കങ്ങള്‍ക്ക് മഹുവ ആലോചിക്കുന്നതയാണ് സൂചന.
എല്ലാ പാര്‍ലമെന്ററി നടപടിക്രമങ്ങളും പാലിച്ചാണ് മഹുവക്ക് എതിരായ നടപടി എന്നും, വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്നും മറ്റ് പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്നും എത്തിക്‌സ് കമ്മിറ്റി അംഗമായ ബിജെപി നേതാവ് അപരാജിത സാരംഗി പറഞ്ഞു.ചോദ്യത്തിന് പകരം കോഴ ആരോപണത്തില്‍ തെളിവില്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന് മഹുവ ആരോപിച്ചിരുന്നു. തനിക്കെതിരായ നടപടി അന്യായം. പുറത്താക്കിയതിലൂടെ തന്റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മൊയ്ത്ര പറഞ്ഞു.പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് മഹുവ മൊയ്ത്രയുടെ രൂക്ഷ വിമര്‍ശനം. പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. ദര്‍ശന്‍ ഹിര നന്ദനിയുടെ വ്യവസായിക താല്‍പര്യത്തിനനുസൃതമായി ചോദ്യം ചോദിച്ചെന്നാണ് തനിക്കെതിരായ ആരോപണം. എന്നാല്‍ കൈക്കൂലി വാങ്ങിയതിന് റിപ്പോര്‍ട്ടില്‍ തെളിവില്ലെന്നും മഹുവ മൊയ്ത്ര.
എന്നാല്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് തൃണമൂല്‍ കോണ്ഗ്രസിന്റെ തീരുമാനം. മഹുവക്കെതിരായ നടപടി ദേശീയ തലത്തില്‍ തന്നെ പ്രചാരണ വിഷയമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, വ്യവസായി ഗൗതം അദാനിക്കും എതിരെ സംസാരിച്ചതിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് സ്വാഭാവിക നീതി പോലും നിഷേധിച്ച് പുറത്താക്കിയത് എന്ന് പ്രചാരണം നടത്തും.