ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പന്ത്രണ്ടു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയായ ഭരത് സോണിയെ അറസ്റ്റ് ചെയ്‌തെന്നു പൊലീസ്. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടിയെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. റോഡില്‍ വീണതിനെ തുടര്‍ന്ന് ഇയാളുടെ കൈയ്യിലും കാലിലും പരുക്കേറ്റു. സംഭവസ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.
ഉജ്ജയിനില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണു സഹായം അഭ്യര്‍ഥിച്ച് എത്തിയപ്പോള്‍ നാട്ടുകാര്‍ ആട്ടിപ്പായിച്ചത്. പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്‌നഗര്‍ റോഡിലെ സിസിടിവിയില്‍നിന്നാണ് ദൃശ്യം ലഭിച്ചത്.
പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പൊലീസ് അറിയിച്ചത്. പെണ്‍കുട്ടിയുടെ പേരും വിലാസവും കണ്ടെത്താനായിട്ടില്ലെന്നും അവളുടെ സംസാരത്തില്‍നിന്ന് ഉജ്ജയിനില്‍നിന്ന് 850 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണെന്നാണു മനസ്സിലായതെന്നുമാണ് പൊലീസ് ഇന്നലെ പറഞ്ഞത്. എന്നാല്‍ എഫ്‌ഐആറില്‍ കുട്ടിയുടെയും പിതാവിന്റെയും പേര് ചേര്‍ത്തിട്ടുണ്ട്. പെണ്‍കുട്ടി മധ്യപ്രദേശില്‍നിന്നു തന്നെയാണെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടും വെളിപ്പെടുത്തിയിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായി പെണ്‍കുട്ടി മൂത്ത സഹോദരനും മുത്തച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നെന്നും പൊലീസുകാരന്‍ പറഞ്ഞു.