മാളുകളില്‍ നിന്ന് ഒറ്റപ്പെട്ട ഷോപ്പുകളിലേയ്ക്ക് മാറാനൊരുങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടതോടെ മാളുകളില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പുകളുള്ള ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് മാറുന്നു.

മക് ഡൊനാള്‍ഡ് ഉള്‍പ്പടെയുള്ള പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകളാണ് മാളുകളില്‍ നിന്ന് ആദ്യം പടിയിറങ്ങുന്നത്. കോവിഡ് വ്യാപനത്തിന് ഏറെസാധ്യതയുള്ളതിനാലാണ് സര്‍ക്കാരുകള്‍ മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തത്. പ്രധാനമാളുകളെല്ലാം തിരക്കേറിയ നഗരങ്ങളിലായതിനാല്‍ സമൂഹ വ്യാപനമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്നനിലയിലാണ് മാളുകള്‍ തുറക്കാത്തത്.

അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികള്‍ക്ക് ഗുണകരമാവുന്നു.

2000ലാണ് മാളുകള്‍ രാജ്യത്ത് ആരംഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഷോപ്പുകളോടൊപ്പം വിനോദത്തിനുള്ള സൗകര്യങ്ങള്‍ക്കൂടിവന്നതോടെ മാളുകള്‍ ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളായി മാറി. രാജ്യത്തെ എട്ട് പ്രമുഖ നഗരങ്ങളിലായി 126 മാളുകളാണുള്ളത്.

Top