ഉത്തരകൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയെന്ന് ഡൊണാള്‍ഡ് ട്രംപ്

trump

വാഷിങ്ടണ്‍: ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഉത്തരകൊറിയയുമായി വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എന്നാല്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ 100ാം ദിവസത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍കാല പ്രസിഡന്റുമാര്‍ കൈകാര്യം ചെയ്ത് വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് തന്റെ സര്‍ക്കാരിന്റെ തീരുമാനമെന്നും സൈനിക നടപടി ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. നയപരമായി വിഷയം പരിഹരിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അത് പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരകൊറിയയ്‌ക്കെതിരായ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംപിങ്ങിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പക്വതകാണിക്കണമെന്നും വളരെ ചെറിയ പ്രായത്തില്‍ രാജ്യത്തിന്റെ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

Top