തെല്‍ അവീവ്: ഫലസ്തീനിലേക്കുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇസ്രായേലില്‍ തലസ്ഥാനമായ തെല്‍ അവീവിലേക്കുള്ള സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു.വിമാനത്താവളത്തിലെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ പകുതിയോളവും ഞായറാഴ്ച പറന്നില്ല. മൂന്നിലൊന്ന് ഭാഗം തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള സമയത്തിനിടക്ക് റദ്ദാക്കി.
അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, എയര്‍ ഫ്രാന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ഈജിപ്ത് എയര്‍, എമിറേറ്റ്സ്, ഫിന്‍ലാന്‍ഡിലെ ഫിന്‍എയര്‍, ഡച്ച് വിമാനക്കമ്പനിയായ കെ.എല്‍.എം, ജര്‍മ്മനിയുടെ ലുഫ്താന്‍സ, നോര്‍വീജിയന്‍ എയര്‍, പോര്‍ച്ചുഗലിന്റെ ടി.എ.പി, പോളിഷ് കാരിയര്‍ ലോട്ട്, റയാന്‍എയര്‍, യുനൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റഷ്യ ഇസ്രായേലിലേക്ക് രാത്രി പറക്കുന്ന വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തു.
യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി, യൂറോപ്യന്‍ യൂനിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി, ഇസ്രായേലിന്റെ ഏവിയേഷന്‍ അതോറിറ്റി എന്നിവ ഇസ്രായേല്‍ വ്യോമാതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്ന് പറക്കുന്ന വിമാനങ്ങളും ടെല്‍ അവീവിലേക്കുള്ള സര്‍വിസ് റദ്ദാക്കി. ‘ഇസ്രായേലിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത്’ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഷെഡ്യൂള്‍ ചെയ്തിരുന്ന ടെല്‍ അവീവ് വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് ഹോങ്കോങ്ങിന്റെ കാഥേ പസഫിക് എയര്‍വേസ് പറഞ്ഞു.