കൊട്ടിഘോഷിച്ച ‘ഇന്ത്യ’ സഖ്യത്തിൽ വിള്ളൽ ശക്തം, മോദിക്ക് മൂന്നാം ഊഴം ഉറപ്പിക്കുന്നത് കോൺഗ്രസ്സ് നേതൃത്വം ?

ബി ജെ പിക്കെതിരെ രൂപം കൊണ്ട ,വിശാല ഇന്ത്യാ സഖ്യത്തിൽ , പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നത , ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ , സീറ്റുകൾ വിട്ടു നൽകാമെന്ന വാഗ്ദാനം പാലിക്കാതെ , അവസാന നിമിഷത്തിൽ… സമാജ് വാദി പാർട്ടിയെ വഞ്ചിക്കുകയാണ് കോൺഗ്രസ്സ് ചെയ്തിരിക്കുന്നത്. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കാൻ അവർ നിർബന്ധിതമായിരിക്കുകയാണ്.

അതു പോലെ തന്നെ, ഇന്ത്യാ സഖ്യത്തിലെ മറ്റൊരു പ്രധാന പാർട്ടിയായ ആംആദ്മി പാർട്ടിയും , കോൺഗ്രസ്സിന്റെ അധികാര കൊതിമൂലം, മധ്യപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ സ്ഥിതി ഇതാണെങ്കിൽ , രാജസ്ഥാനിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ , ഇന്ത്യാ സഖ്യത്തിലെ പ്രധാന പാർട്ടിയായ , സി.പി.എമ്മിനെയാണ് , കോൺഗ്രസ്സ് അവഗണിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ നേടിയ സി.പി.എം. ഇത്തവണയും ഒറ്റയ്ക്ക് തന്നെയാണ് മത്സരിക്കുന്നത്. 17 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. അഞ്ചു സീറ്റുകളിലെങ്കിലും ഇത്തവണ വിജയിക്കുമെന്നാണ് , സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ , രണ്ടു സീറ്റുകൾ നേടുക മാത്രമല്ല, മറ്റു രണ്ടിടങ്ങളിൽ, രണ്ടാമത്‌ എത്താനും സി.പി.എമ്മിനു സാധിച്ചിരുന്നു. ഇതു കൂടാതെ, അഞ്ചു മണ്ഡലങ്ങളിൽ 45,000ത്തിനടുത്ത്‌ വോട്ടുകളും സി.പി.എമ്മിനുണ്ട്. ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന്‌ കോൺഗ്രസ്‌ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ്‌ , 17സീറ്റിൽ ഒറ്റയ്ക്കു മത്സരിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. സിറ്റിങ്‌ സീറ്റായ ഹനുമൻഗഢ്‌ ജില്ലയിലെ ഭദ്രയിൽ, നിലവിലെ എം.എൽ.എയായ ബൽവൻ പുനിയ തന്നെയാണ് വീണ്ടും മൽസരിക്കുന്നത്. മറ്റൊരു സിറ്റിങ്‌ സീറ്റായ ബിക്കാനീറിലെ ദുംഗർഗഢിൽ, ഗിർദാരിലാൽ മഹിയ വീണ്ടും ജനവിധി തേടും. സിപിഎം കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം, സിക്കർ ജില്ലയിലെ ദത്താരംഗഢിലാണ് മൽസരിക്കുന്നത്. നാലുവട്ടം എംഎൽഎ ആയിട്ടുള്ള അമ്രാ റാം, 2008ലെ തിരഞ്ഞെടുപ്പിൽ , ദത്താരംഗഢിൽ നിന്നും അട്ടിമറി വിജയം നേടിയ നേതാവാണ്. മറ്റൊരു മുൻ എംഎൽഎയായ പേമാ റാം, സിക്കറിലെ ദോഢിൽ നിന്നുമാണ് , ജനവിധി തേടുന്നത്.

സിക്കർ ജില്ലയിൽ നാലും… ഹനുമൻഗഢ്‌, ചുരു ജില്ലകളിൽ മൂന്നുവീതവും, ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും സീറ്റുകളിലുമാണ് സി.പി.എം മത്സരിക്കുന്നത്. ദുംഗർപ്പുർ, ബിക്കാനീർ, ഉദയ്‌പ്പുർ ജില്ലകളിൽ…ഓരോ സീറ്റുകളിലാണ് മത്സരം. സിപിഎം സ്ഥാനാർത്ഥികൾ മൽസരിക്കാത്ത മണ്ഡലങ്ങളിൽ, ബിജെപിയ്‌ക്കെതിരായി നിലകൊള്ളുമെന്നാണ് , സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ്സ് കണ്ടു പഠിക്കേണ്ട നിലപാട് ആണിത്.

മധ്യ പ്രദേശിലെയും രാജസ്ഥാനിലെയും കോൺഗ്രസ്സ് നേതാക്കൾ , മറ്റു പ്രതിപക്ഷ പാർട്ടികൾക്കെതിരെ മുഖം തിരിച്ചു നിന്നിട്ടും , ബി.ജെ.പിക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് , സി.പി.എം ചെയ്തിരിക്കുന്നത്. ഇന്ത്യാ കൂട്ടായ്‌മയുടെ അന്തസത്ത ഉൾകൊണ്ടുള്ള തീരുമാനമാണിത്. ബിജെപിയ്‌ക്കെതിരെ കൂട്ടായ നിലപാട്‌ സ്വീകരിക്കാൻ, ഈ സംസ്ഥാനങ്ങളിൽ തയ്യാറാകാതെ ഇരുന്നതിന് , വലിയ വില തന്നെ… കോൺഗ്രസ്സിനു കൊടുക്കേണ്ടി വരും.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ , യു.പിയിൽ കോൺഗ്രസ്സിനെ പാഠം പഠിപ്പിക്കാനാണ് , സമാജ് വാദി പാർട്ടിയുടെ തീരുമാനം. ആം ആദ്മി പാർട്ടിയുമായും ഇടതുപക്ഷവുമായും സഖ്യമുണ്ടാക്കിയാലും , കോൺഗ്രസ്സുമായി ഒരു സഖ്യത്തിനും ഇല്ലന്നാണ് , സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിക്കും ഇപ്പോൾ കോൺഗ്രസ്സിനോട് താൽപ്പര്യമില്ല. കോൺഗ്രസ്സിനെ അകറ്റി നിർത്തി മത്സരിക്കാനാണ് അവരും ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രപരമായും , അല്ലാതെയും…ബി.ജെ.പിയാണ് പ്രധാന ശത്രു എന്നതിനാൽ, ഇടതുപക്ഷ പാർട്ടികൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ , ബി.ജെ.പിയുടെ തോൽവി ഉറപ്പിക്കുക എന്ന നിലപാടാണ് , സി.പി.എം സ്വീകരിച്ചിരിക്കുന്നത്. അവസരവാദികളായ കോൺഗ്രസ്സിനെ വിശ്വസിക്കാൻ പറ്റില്ലന്ന കാര്യത്തിൽ , സി.പി.എം നേതാക്കൾക്കും മറിച്ചൊരു അഭിപ്രായമില്ല.

ബീഹാറിലെ ഏറ്റവും വലിയ പാർട്ടിയായ ആർ ജെ.ഡിക്കും , കോൺഗ്രസ്സിനോട് താൽപ്പര്യം വളരെ കുറവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ , കോൺഗ്രസ്സിനു വിട്ടു നൽകിയ സീറ്റുകളിൽ , ഭൂരിപക്ഷത്തിലും അവർ തോറ്റതാണ് , ആർ.ജെ.ഡിയെ രോഷത്തിലാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തിനു ആർ.ജെ.ഡി വിട്ടു നൽകിയ സീറ്റുകളിൽ , ഭൂരിപക്ഷത്തിലും കമ്യൂണിസ്റ്റു പാർട്ടികൾ വിജയിച്ചപ്പോഴാണ് , പ്രതിപക്ഷമുന്നണിക്ക് അപമാനമായി , കോൺഗ്രസ്സ് മാറിയിരുന്നത്. ഈ അനുഭവം മനസ്സിലുള്ളതിനാൽ , ലോകസഭ തിരഞ്ഞെടുപ്പിൽ , കോൺഗ്രസ്സിനെ കാര്യമായി പരിഗണിക്കേണ്ടതില്ലന്നതാണ് , ആർ.ജെ.ഡി നേതൃത്വത്തിന്റെ തീരുമാനം.

80 ലോകസഭ സീറ്റുകൾ ഉള്ള യു.പിയിൽ, ബി.ജെ.പിയെ വീഴ്ത്താതെ , കേന്ദ്ര ഭരണം പിടിക്കുന്നതും എളുപ്പമല്ല. കോൺഗ്രസ്സുമായി കൂട്ടുകൂടിയ ഘട്ടങ്ങളിൽ , കയ്പേറിയ അനുഭവം ഉള്ളതിനാൽ , യു.പിയിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തുന്നത് , സമാജ് വാദി പാർട്ടി നേതാക്കളും , ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. അത് നടപ്പാക്കാൻ , കോൺഗ്രസ്സായിട്ട് , ഒരവസരം അവർക്കിപ്പോൾ നൽകിയിരിക്കുകയുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ , ഇന്ത്യാ സഖ്യത്തിലെ കക്ഷികൾക്ക്, സീറ്റുകൾ വിട്ടു നൽകാതെ ഏകപക്ഷീയമായി കോൺഗ്രസ്സ് മുന്നോട്ട് പോകുന്നതിൽ , കടുത്ത അതൃപ്തി ആർ.ജെ.ഡി നേതാവ് … തേജസ്വി യാഥവിനുമുണ്ട്. ചുരുക്കി പറഞ്ഞാൽ , കോൺഗ്രസ്സിന് എതിരായ വികാരമാണ് , ഇപ്പോൾ ഇന്ത്യാ സഖ്യത്തിലും ശക്തമായിരിക്കുന്നത്.

ഇങ്ങനെയൊക്കെയാണ് , പ്രതിപക്ഷ ഉത്തരവാദിത്വം… കോൺഗ്രസ്സ് നേതൃത്വം കാണിക്കുന്നതെങ്കിൽ , കേന്ദ്രത്തിലെ ഭരണമാറ്റവും സ്വപ്നം മാത്രമായി അവശേഷിക്കാൻ തന്നെയാണ് സാധ്യത. അഥവാ , ഇനി ഭരണമാറ്റം സാധ്യമായാൽ തന്നെ , രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലന്നും ഉറപ്പിക്കാം. ഇന്ത്യാ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ , സഖ്യത്തിലെ ഭൂരിപക്ഷ പാർട്ടികളും , കോൺഗ്രസ്സിനു പുറത്തുള്ള ഒരു വ്യക്തിയെ ആയിരിക്കും ചൂണ്ടിക്കാട്ടുക. അതാകട്ടെ ആരുമാകാം. ഒടുവിൽ… വിശാല താൽപ്പര്യം മുൻ നിർത്തി… ഇത്തരമൊരു നിർദ്ദേശം , രാഹുൽ ഗാന്ധിക്കും അംഗീകരിക്കേണ്ടതായി വരും. വി.പി. സിംഗും , ചന്ദ്രശേഖറും , ഗുജ്റാളും , ദേവഗൗഡയും എല്ലാം പ്രധാനമന്ത്രിമാരായ രാജ്യത്ത് , ഒരു സാധ്യതയും നമുക്ക് തള്ളിക്കളയാൻ സാധിക്കുകയില്ല. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ് . . .

EXPRESS KERALA VIEW

Top