തിരുവനന്തപുരം: സംവിധായകനും നടനുമായ മേജര്‍ രവി അടുത്തിടെയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് മേജര്‍ രവിക്ക് അംഗത്വം നല്‍കി സ്വീകരിച്ചത്. ഇതിന് പിന്നാലെ മേജര്‍ രവിയെ സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തിരുന്നു. എന്നാലിപ്പോള്‍ താന്‍ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മേജര്‍ രവി. തന്റെ പക്കല്‍ സഹായമഭ്യര്‍ത്ഥിച്ചെത്തുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആളുകളുടെ പരാതികളും പ്രശ്‌നങ്ങളും നിത്യേന കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും അതിനെല്ലാം കൃത്യമായ പരിഹാരം കാണണമെങ്കില്‍ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് നമ്മുക്കുള്ളത്. ഇതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണം. ദില്ലിയിലെ ബിജെപി നേതൃത്വം തന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മേജര്‍ രവി പറഞ്ഞു.നേരത്തെ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും വേദികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയിലും ഔദ്യോഗിക പദവികള്‍ കൈകാര്യം ചെയ്തിരുന്നില്ല.
താന്‍ പല പാര്‍ട്ടികളിലും ചേര്‍ന്നതായി പ്രചാരണങ്ങളുണ്ടായി. ഇത്തരത്തില്‍ പരക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പദവിയെന്നും മേജര്‍ രവി പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് തീരുമാനമെന്നും രവി പറഞ്ഞു. ബിജെപി എല്ലാക്കാലത്തും ദേശീയതയെയാണ് പിന്തുണച്ചത്. സിപിഎം പിന്തുണയ്ക്കുന്നത് ചൈനയേയാണ്. സ്‌കൂള്‍ കാലത്ത് ശാഖ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എബിവിപി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങളില്‍ മാറ്റം വന്നു. രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ കൂടുതലായി ഉയര്‍ത്തിയ ഒരു നേതാവിനെയാണ് നമ്മുക്ക് കാണാനുള്ളത്. പ്രധാനമന്ത്രി ഏതൊരു രാജ്യം സന്ദര്‍ശിക്കുമ്പോഴും വലിയ ആരാധനയോടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെ അംഗമാകാന്‍ മടിക്കുന്നത് എന്തിനാണെന്ന് മേജര്‍ രവി ചോദിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് ഒന്നും ലഭിക്കണമെന്ന് ലക്ഷ്യമിട്ടിട്ടില്ല. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിനൊപ്പം കൈ ചേര്‍ക്കുക മാത്രമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.