കര്‍ഷക സമരത്തില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മേജര്‍ രവി

കൊച്ചി: കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷക സമരത്തില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മേജര്‍ രവി. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നുള്ളതില്‍ ഒരു വ്യക്തത വേണമെന്ന് താന്‍ എവിടേയോ പറയുന്നത് കേട്ടു. അതില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും ഈ സമരം തീരില്ല. കാരണം അത് രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വിഷയങ്ങളെ കുറിച്ച് ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്ന ഒന്നാണ് പുതിയ കാര്‍ഷിക ബില്‍. എന്ത് തന്നെ ആയാലും കര്‍ഷകന്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഉള്ളിക്ക് 20 രൂപയാണ് മുടക്ക് മുതലെങ്കില്‍ 25 രൂപക്ക് തങ്ങള്‍ എടുക്കാമെന്ന് കോര്‍പ്പറേറ്റുകള്‍ കൃഷി ഇറക്കുന്നതിന് മുമ്പേ തന്നെ പറയുകയാണ്. വിളവെടുക്കുമ്പോള്‍ ഉള്ളിക്ക് 10 രൂപ ആയാലും 25 രൂപ കര്‍ഷകന് കിട്ടും അതാണ് ഇതിന്റെ ഗുണം.

അതേ സമയം വിളവെടുപ്പ് സമയത്ത് ഉള്ളിക്ക് വില മുപ്പതോ നാല്‍പ്പതോ ആയാലും നേരത്തെ ഉറപ്പിച്ച 25 രൂപയേ ലഭിക്കൂവെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ ഉറപ്പാക്കുന്ന തുക നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ പൂര്‍ണ്ണ ഉത്തരവാദിയാകുമോ എന്നത് നിയമത്തില്‍ പറയുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയാലും കര്‍ഷക സമരം പിന്‍വലിക്കാനിടയില്ലെന്നും മേജര്‍ രവി പറഞ്ഞു.

Top