‘മേക്ക് ഇൻ ഇന്ത്യ’ എഫക്ട് ; ഇന്ത്യക്കാര്‍ ഐഫോണ്‍ വാങ്ങുന്നത് വര്‍ദ്ധിച്ചു

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചതോടെ ആപ്പിളിന് വിപണിയില്‍ നേട്ടംമുണ്ടായെന്ന് കണക്കുകള്‍. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയില്‍ 12 ലക്ഷത്തിലേറെ ഫോണുകൾ ആപ്പിൾ വിറ്റുവെന്നാണ് കണക്കുകള്‍. 94 ശതമാനമാണ് വളർച്ച. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ഐഫോൺ 12, 13 മോഡലുകളുടെ അതിശയകരമായ വിൽപ്പനയാണ് നടത്തുന്നത്.

വിറ്റ ഐഫോണുകളിൽ ഏകദേശം 10 ലക്ഷത്തിലേറെ ഫോണുകള്‍ ‘മേക്ക് ഇൻ ഇന്ത്യ’ ഉപകരണങ്ങളാണ് നിർമാണത്തിന് ഉപയോഗിച്ചത്. “രണ്ടാം പാദത്തിലെ വില്‍പ്പനയുടെ വേഗത പരിശോധിച്ചാല്‍ പ്രാദേശിക ഐഫോൺ ഉൽപ്പാദനം വർധിച്ചത് ആപ്പിളിന് ഗുണം ചെയ്തു. ആപ്പിൾ അതിന്റെ ഇന്ത്യൻ വിപണിയിലെ വളർച്ച തുടരുന്നുവെന്ന് കണക്കുകളില്‍ വ്യക്തമാണ്”- സിഎംആർ ഹെഡ്-ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് പ്രഭു റാം പറയുന്നു.

ഐഫോണ്‍ മാത്രമല്ല മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആപ്പിൾ ഐപാഡുകൾ വില്‍പ്പനയില്‍ ഇന്ത്യയിൽ 34 ശതമാനം വളർച്ച കൈവരിച്ചു. ആപ്പിള്‍ രാജ്യത്ത് 0.2 ദശലക്ഷത്തിലധികം ഐപാഡുകള്‍ കഴിഞ്ഞ പാദത്തില്‍ വിറ്റു. കണക്കുകള്‍ അനുസരിച്ച്, ആപ്പിൾ ഐപാഡ് , ഐപാഡ് എയർ 2022 എന്നിവയാണ് ഇന്ത്യയിലെ വില്‍പ്പനയിലെ ഭൂരിഭാഗവും വഹിക്കുന്നത്.

ഐഫോണുകൾ ഇന്ത്യയിൽ 4 ശതമാനം സ്മാർട്ട്‌ഫോൺ വിപണി വിഹിതം നേടുമെന്ന് സിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഐപാഡുകൾ ടാബ് വിഭാഗത്തില്‍ ഇന്ത്യയില്‍ 20 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തുന്നുണ്ട്.

Top