ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ഡിഎംഇഒ അനില്‍ ശ്രീവാസ്തവ.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതിയായ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യിലൂടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ ജോലി സൃഷ്ടിക്കുമെന്ന് അനില്‍ ശ്രീവാസ്തവ പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമീപ വര്‍ഷങ്ങളിലായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നതെന്നും, രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക വിപ്ലവത്തിന്റെ മധ്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്നും, മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ സങ്കേതികതയുടെ സംയോജനമാണ് നടക്കുന്നതെന്നും, 2020 ആകുമ്പോഴേക്കും പുതിയ പത്തു കോടി ജോലികള്‍ സൃഷ്ടിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ശ്രീവാസ്തവ അറിയിച്ചു.
ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് അനില്‍ ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്.
2020 ആകുമ്പോഴേക്കും ഇറക്കുമതി രഹിതമാക്കാനാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്നും, ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ശ്രീവാസ്തവ പറഞ്ഞു.