ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി ഇന്ത്യയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള സാംസങ് ഇന്ത്യ ഫാക്ടറിയാണ് വികസനപദ്ധതിയിലൂടെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറിയായി മാറിയ്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദര്‍ശിക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും പുതുക്കിയ ഫാക്ടറി സംയുക്തമായി ഉദ്ഘാടനം ചെയ്തു.
സാംസങ്ങിന്റെ ഗവേഷണവികസന വിഭാഗം ഇന്ത്യയിലാണ് എന്നതിനൊപ്പം കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയും ഇന്ത്യയിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 നു ശേഷം മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് മാത്രം ഇന്ത്യയില്‍ നാലു ലക്ഷം തൊഴിലവസരങ്ങളുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു.
നോയിഡയിലെ ഫാക്ടറിയിലൂടെ പ്രതിവര്‍ഷം 68 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ ഉത്പാദിപ്പിച്ചു വന്നത് 2020 വരെ ഘട്ടംഘട്ടമായി നടപ്പാകുന്ന വികസനത്തിലൂടെ പ്രതിവര്‍ഷം ഏകദേശം 120 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ എന്ന തലത്തിലെത്തിക്കുമെന്ന് സാംസങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫാക്ടറി വികസനത്തിലൂടെ ‘മെയ്ക് ഇന്‍ ഇന്ത്യ’യെ മെയ്ക് ഫോര്‍ ദ് വേള്‍ഡ്’ എന്ന തലത്തിലേക്കാണ് സാംസങ് കമ്പനി പരിവര്‍ത്തനം ചെയ്യുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച സാംസങ് ഇന്ത്യ സിഇഒ എച്ച്.സി.ഹോങ് പറഞ്ഞു.
ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ വിപണിയായ സാംസങ് ആപ്പിള്‍ കമ്പനിയുടെയും ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികളായ ഷവോമി, ഓപ്പോ, വിവോ, ലെനോവ എന്നിവയില്‍ നിന്നും കനത്ത മല്‍സരമാണ് ഇന്ത്യയില്‍ നേരിടുന്നത്.
ഇന്ത്യയില്‍ തന്നെ ഉത്പാദനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ രാജ്യത്തെ വിപണിയിലും മികച്ച പ്രകടനം കാട്ടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2016-17 ല്‍ വിവിധ ഉത്പന്നങ്ങളുടെ വില്‍പനയിലൂടെ അരലക്ഷം കോടി രൂപ നേടിയ കമ്പനിയുടെ 34,000 കോടി രൂപ വരുമാനവും മൊബൈല്‍ വില്‍പനയിലൂടെയായിരുന്നുവെന്നാണ് കണക്ക്.