തിരുവനന്തപുരം: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കിടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഭവിക്കാമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. രാഷ്ട്രപിതാവും രണ്ട് പ്രധാനമന്ത്രിമാരും കൊല ചെയ്യപ്പെട്ട ഒരു രാജ്യത്ത് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്റെ ജീവന് നേരെ ഭീഷണി ഉയരുന്നത് അങ്ങനെ നിസാരമായി കാണേണ്ട കാര്യമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രോളുകളും പരിഹാസങ്ങളുമല്ല, ജാഗ്രതയും മുന്‍കരുതലുമാണ് ഇക്കാര്യത്തില്‍ വേണ്ടതതെന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പറയുക എന്നതല്ല ഇപ്പോഴത്തെ ആവശ്യം, മറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും രാഹുല്‍ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടുത്തയിടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എറിഞ്ഞ പൂമാല കൃത്യമായി രാഹുലിന്റെ കഴുത്തില്‍ വന്ന് വീണത് ഗുരുതരമായ ഒരു സുരക്ഷ വീഴ്ചയായി കണക്കാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശ്രീപെരുമ്പുത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത് പ്രധാനമന്ത്രി ആയിരിക്കുന്ന വേളയിലല്ല, എന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അവസരത്തിലാണ്. സമീപകാല ഇന്ത്യ രാഹുല്‍ ഗാന്ധിയിലും ചില വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അത് സംരക്ഷിക്കുക എന്നത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ഇക്കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടതിന്റേയും അതില്‍ അട്ടിമറി ശ്രമമുണ്ടോ എന്ന സംശയത്തിന്റെയും സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവനു നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉയരുന്നുണ്ടോ എന്നും അങ്ങനെയുണ്ടാവുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹത്തിന് ചുറ്റും രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. ഈ ചോദ്യം കേള്‍ക്കുമ്പോഴേക്ക് എന്തിനാണ് സൈബര്‍ സംഘികളും ആര്‍എസ്എസ് അനുഭാവമുള്ള ചില പത്രപ്രവര്‍ത്തകരുമൊക്കെ തലയില്‍ പൂടയുണ്ടോ എന്ന് തപ്പി നോക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. രാഷ്ട്രപിതാവും രണ്ട് പ്രധാനമന്ത്രിമാരും കൊല ചെയ്യപ്പെട്ട ഒരു രാജ്യത്ത് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്റെ ജീവനു നേരെ ഭീഷണി ഉയരുന്നത് അങ്ങനെ നിസ്സാരമായി കാണേണ്ട കാര്യമല്ല. ട്രോളുകളും പരിഹാസങ്ങളുമല്ല, ജാഗ്രതയും മുന്‍കരുതലുമാണ് ഇക്കാര്യത്തില്‍ വേണ്ടത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടേതിന് തുല്യമായ നിലയില്‍ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനമായ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമാണ് രാഹുല്‍ ഗാന്ധിക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് എസ്പിജി സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതില്‍ വരുന്ന വീഴ്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും മറുപടി പറയണമെന്ന വാദം ഉയരുന്നത്. രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലുണ്ടാവുന്ന സുരക്ഷാ വീഴ്ചകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്യത്തിലും ഉണ്ടാകാമെന്നതാണ് ഇതിനെ രാജ്യത്തിന്റെ മുഴുവന്‍ ആശങ്കയാക്കി മാറ്റുന്നത്.
ട്രോളുകളോടൊപ്പം ബിജെപിക്കാര്‍ കാലങ്ങളായി ഗോസിപ്പ് ചെയ്യുന്ന കോണ്‍സ്പിറസി തിയറികള്‍ യഥാര്‍ത്ഥ ചോദ്യത്തിനുള്ള മറുപടി ആകുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പല ഉന്നത രാഷ്ട്രീയ നേതാക്കളുടേയും അസ്വാഭാവിക, അപകട മരണങ്ങള്‍ക്ക് പുറകിലും പലതരം ഊഹാപോഹങ്ങള്‍ നിലവിലുണ്ട്. ബിജെപിക്കാര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും മാധവറാവു സിന്ധ്യയുടേയും രാജേഷ് പൈലറ്റിന്റേയുമൊക്കെ പേരുകള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയര്‍ത്തുമ്പോള്‍ സ്വന്തം കൂട്ടത്തിലുള്ള പല പേരുകളും അവര്‍ മനപൂര്‍വ്വം മറക്കുകയാണ്. സംഘ് പരിവാറിന്റെ സമുന്നത നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയുടേയും ദീന്‍ ദയാല്‍ ഉപാധ്യായയുടേയും മരണങ്ങളും ദുരൂഹം തന്നെയായിരുന്നു. പരിവാറിനകത്തെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചായിരുന്നു ഇവയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ കൂടുതലും. രണ്ട് തവണ അധികാരത്തിലെത്തിയ വാജ്‌പേയ്, മോഡി സര്‍ക്കാരുകള്‍ ഇതിനേക്കുറിച്ചൊന്നും കാര്യമായി അന്വേഷിക്കാന്‍ മെനക്കെട്ടിട്ടില്ലെന്നതാണ് വസ്തുത.
ഇന്ന് നരേന്ദ്ര മോഡി എന്താണോ ആ സ്ഥാനത്തേക്ക് കടന്നുവരുമെന്ന് ഒരുകാലത്ത് വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്ന ബിജെപി നേതാവായിരുന്നു പ്രമോദ് മഹാജന്‍. കോര്‍പ്പറേറ്റുകളുടെ ഇഷ്ടതോഴന്‍, ന്യൂജെന്‍ ഹൈടെക് രാഷ്ട്രീയക്കാരന്‍, ഫണ്ട് റെയ്‌സര്‍, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്‌പേയ് മന്ത്രിസഭയിലെ ട്രബിള്‍ഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയര്‍ന്നു നിന്നിരുന്ന പ്രമോദ് മഹാജന്‍ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാല്‍ കൊല ചെയ്യപ്പെടുകയായിരുന്നു. പ്രമോദ് മഹാജന്റെ കൊലപാതവും പാര്‍ട്ടിക്കുള്ളിലെ നരേന്ദ്ര മോഡിയുടെ വളര്‍ച്ചയും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ അരങ്ങേറിയതാണെന്നത് യാദൃശ്ചികമായിരിക്കാം. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീര്‍ത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത് എന്നതും മറ്റൊരു യാദൃശ്ചികത ആയിരിക്കാം.
ഗുജറാത്ത് കലാപത്തേക്കുറിച്ച് വ്യത്യസ്താഭിപ്രായം പറഞ്ഞ് മോഡി/അമിത് ഷാ കൂട്ടുകെട്ടിന്റെ കണ്ണിലെ കരടായി മാറിയ മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയും ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ കേസില്‍ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ലോയയുടെ സംശയാസ്പദ മരണവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണല്ലോ. മധ്യപ്രദേശില്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. സംഘ് പരിവാറിന് എതിര്‍പക്ഷത്തു നില്‍ക്കുന്ന ബുദ്ധിജീവികളായ ധാബോല്‍ക്കര്‍, പന്‍സാരേ, കല്‍ബുര്‍ഗി,ഗൗരി ലങ്കേഷ് എന്നിവരൊക്കെ ഓരോരോ കാലത്ത് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ മോഡി വിരോധിയായ വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ വരെ സ്വന്തം ജീവനുവേണ്ടി കേഴുന്ന കാഴ്ചയും നാം കണ്ടു കൊണ്ടിരിക്കുകയാണ്.
പറയാനാണെങ്കില്‍ ഇനിയും ഏറെയുണ്ട്. അതുകൊണ്ട്, ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പറയുക എന്നതല്ല ഇപ്പോഴത്തെ ആവശ്യം, മറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും രാഹുല്‍ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുക എന്നതാണ്. ഏതാനും ദിവസം മുന്‍പ് മാത്രമാണ് ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എറിഞ്ഞ പൂമാല കൃത്യമായി രാഹുല്‍ ഗാന്ധിയുടെ കഴുത്തില്‍ വന്ന് വീണത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതും ഗുരുതരമായ ഒരു സുരക്ഷാവീഴ്ചയായിത്തന്നെ കണക്കാക്കണം.
ശ്രീപെരുമ്പുത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത് പ്രധാനമന്ത്രി ആയിരിക്കുന്ന വേളയിലല്ല, എന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അവസരത്തിലാണ്. സമീപകാല ഇന്ത്യ രാഹുല്‍ ഗാന്ധിയിലും ചില വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അത് സംരക്ഷിക്കുക എന്നത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്.
-വിടി ബല്‍റാം