ബജറ്റ് തയ്യാറാക്കുന്നതിൽ കുറച്ചു കൂടി യാഥാർത്ഥ്യ ബോധത്തോടെ ഇടപെടണമെന്നും കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരണമെന്നും കേരള സർക്കാറിനോട് നിർദേശിച്ച് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി). 2021ലെ സ്‌റ്റേറ്റ് ഫിനാൻസസ് ഓഡിറ്റ് റിപ്പോർട്ടിലാണ് നിർദേശം. സംസ്ഥാന ബജറ്റിലെ പല പ്രശ്‌നങ്ങളും റിപ്പോർട്ടിൽ പറഞ്ഞു. ചെലവും നിക്ഷേപവും തെറ്റായി വേർതിരിക്കൽ, സുതാര്യതയുടെ അഭാവം, ഫണ്ടുകളുടെ അധികവും അനാവശ്യവുമായ പുനർവിനിയോഗം, തിരുത്തൽ ആവശ്യമായ സമ്പ്രദായത്തിലൂടെ പദ്ധതികൾ നടപ്പാക്കി പരാജയപ്പെടൽ എന്നിവയാണ് സിഎജി ചൂണ്ടിക്കാട്ടിയത്.
ബജറ്റിൽ വകയിരുത്തിയ പല പദ്ധതികളും നടപ്പാക്കാത്തതിനാൽ പൊതുജനങ്ങൾക്ക് ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നഷ്ടമായിരിക്കുകയാണ്. ഇങ്ങനെ മാറ്റിവെച്ച് പാഴാകുന്ന ഫണ്ട് മറ്റു വകുപ്പുകൾക്ക് ഉപയോഗിക്കാമായിരുന്നു. എന്നാൽ അതും നടക്കുന്നില്ല. 11 ഗ്രാന്റുകളിൽ ഉൾപ്പെടുത്തി, 19 സ്‌കീമുകളിലായി 10 കോടി രൂപയും അതിനുമുകളിലും തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ ഫണ്ടൊന്നും ചെലവാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. പുതുക്കിയ വിഹിതത്തിൽ ഈ പദ്ധതികൾ പിൻവലിച്ചിട്ടില്ല. പൊലീസിന്റെയും മറ്റ് സേനകളുടെയും നവീകരണത്തിനുള്ള ദേശീയ പദ്ധതി, വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ രണ്ട് പദ്ധതികൾ 2019-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും കൃത്യമായ ധനസഹായം പറഞ്ഞിട്ടില്ല എന്നും ഓഡിറ്റർ ചൂണ്ടിക്കാട്ടി.