മക്കള്‍ നീതി മയ്യത്തിലേക്ക് പ്രതീക്ഷിച്ച അംഗങ്ങളെത്തിയില്ല; കമല്‍ പുതു വഴികള്‍ തേടുന്നു

ചെന്നൈ: തമിഴ് നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യ’ത്തിലേക്കു പ്രതീക്ഷിച്ച അംഗങ്ങളെത്തിയില്ലെന്നു വിലയിരുത്തല്‍. അതൊടെ പുതിയ രീതി നടപ്പാക്കാനാണ് കമലിന്റെ തീരമാനം. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

അതേസമയം, പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും രജനീകാന്തിന്റെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. കഴിഞ്ഞ മാസം 21-നു മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിനു ശേഷമുള്ള മൂന്നു ദിവസത്തില്‍ മൂന്നു ലക്ഷത്തിലധികം പേരാണ് ‘മക്കള്‍ നീതി മയ്യ’ത്തില്‍ അംഗത്വമെടുത്തത്.

വിദേശരാജ്യങ്ങളില്‍നിന്ന് അര ലക്ഷത്തോളം പേരാണ് അംഗങ്ങളായത്. എന്നാല്‍ തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയും കമല്‍ഹാസനും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള വഴിയും തേടുകയാണ് സംഘം.

പാര്‍ട്ടി ഭാരവാഹികളുമായും വക്താക്കളുമായും കമല്‍ഹാസന്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരും. പാര്‍ട്ടിയിലേക്ക് ആളുകളെ അടുപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണു ചര്‍ച്ചയിലൂടെ കമല്‍ ലക്ഷ്യമിടുന്നത്. അതൊടൊപ്പം മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനും ആലോചനയുണ്ട്. ആല്‍വാര്‍പ്പേട്ടിലെ വീട്ടില്‍ പിന്തുണയുമായെത്തിയ വനിത സംരംഭകരുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു.

വനിതാ ദിനമായ മാര്‍ച്ച് എട്ടിനു നടക്കുന്ന പൊതുയോഗത്തില്‍ കമല്‍ സംസാരിക്കും. ചെന്നൈയിലെ വിവിധ കോളജുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ മികച്ച വിദ്യാഭ്യാസമുള്ളവരും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങണമെന്ന് കമല്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരുദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മക്കള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിക്കുന്ന രീതിയിലേക്കു നമ്മുടെ സംസ്‌ക്കാരം മാറണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top