മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പ്രതികരിച്ച് കമല്‍ഹാസന്‍

ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നടനും പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ ഏഴാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. ഇന്‍ഡ്യ സഖ്യത്തില്‍ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമായിട്ടായിരിക്കും സഖ്യമെന്നും കമല്‍ഹാസന്‍ പറഞ്ഞു. പ്രാദേശിക ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തോട് പാര്‍ട്ടി രാഷ്ട്രീയം മാറ്റിവെച്ച് രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. രാജ്യത്തെക്കുറിച്ച് ആരാണ് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക, എംഎന്‍എം അതിനൊപ്പം ഉണ്ടാകും എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ഇന്‍ഡ്യ സഖ്യത്തില്‍ ചേര്‍ന്നോ എന്ന ചോദ്യത്തോട് ഇല്ലായെന്നും കമല്‍ഹാസന്‍ മറുപടി പറഞ്ഞു. വരാനിരിക്കുന്ന നിര്‍ണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സഖ്യചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്തെങ്കിലും നല്ല വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുമായി മക്കള്‍ നീതി മയ്യം ചര്‍ച്ച നടത്തിയെന്ന ഊഹാപോഹങ്ങള്‍ക്കിടയിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ദ്രാവിഡ കക്ഷികളായ എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും ബദലായാണ് കമല്‍ഹാസന്‍ തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യത്തിന് രൂപം നല്‍കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മക്കള്‍ നീതി മയ്യം പങ്കെടുത്തിരുന്നു.

Top