നാളെ പ്രദര്‍ശനത്തിന് എത്തുന്ന ടൊവിനോ തോമസിന്റെ പുതിയ ചിത്രമാണ് ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’. ചിത്രത്തില്‍ ടൊവിനോയുടെ അമ്മയായി അഭിനയിക്കുന്നത് മാല പാര്‍വതിയാണ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ നിലയുറപ്പിക്കാന്‍ കഷ്ടടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാല പാര്‍വതി.
മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആന്‍ഡ് ദ് ഓസ്കര് ഗോസ് ടു’… ഗോദയ്ക്കു ശേഷം വീണ്ടും ടൊവിനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ. സലിം അഹമ്മദ് സംവിധാനം ചെയ്ത ടൊവിനോ ചിത്രം.. നാളെ മുതല്‍ തിയറ്ററുകളില്‍. അനു ജോസഫ് എടുത്ത സെല്‍ഫി… ഇരിട്ടിയായിരുന്നു ലൊക്കേഷന്‍… നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും!
ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ടൊവിനോയും അനു സിത്താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജിപാല്‍ ആണ് സംഗീതം ഒരുക്കുന്നത്. മധു അമ്പാട്ടാണ് ആന്‍ഡ് ദ് ഓസ്കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അലെന്‍സ് മീഡിയ,കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.