ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപയുടെ പുതുവത്സര സമ്മാനവുമായി മലബാര്‍ മില്‍മ

കോഴിക്കോട് : മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായി 75 ലക്ഷം രൂപയും നല്‍കാനാണ് മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം തീരുമാനിച്ചത്. 2023 നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലീറ്ററിന് ഒരു രൂപ വീതമാണ് അധിക വിലയായി നല്‍കുക. ഇത് 2.25 കോടി രൂപ വരും.

അധിക പാല്‍വില ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള പാല്‍ വിലയോടൊപ്പം ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കും. സംഘങ്ങള്‍ തുക കണക്കാക്കി മലബാറിലെ കാസര്‍കോട് മുതല്‍ പാലക്കാടു വരെയുള്ള ആറു ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും. ഇതുപ്രകാരം സെപ്റ്റംബറിൽ മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന ശരാശരി പാല്‍ വില ലീറ്ററിന് 46 രൂപ 44 പൈസയാകും. വര്‍ധിച്ചു വരുന്ന പാലുൽപാദന ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനാണ് അധിക പാല്‍വില നല്‍കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു.

ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് ഡിസംബറിൽ നല്‍കിയ 100 രൂപ സബ്‌സിഡി ജനുവരിയിലും തുടരും. കാലിത്തീറ്റ സബ്‌സിഡി, അധിക പാല്‍വില എന്നീ ഇനത്തില്‍ മൂന്നു കോടി രൂപ മലബാറിലെ ക്ഷീര കര്‍ഷകരിലേക്ക് എത്തുന്നതാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിങ് ഡയറക്ടര്‍ കെ.സി. ജയിംസ് എന്നിവര്‍ അറിയിച്ചു.

Top