നൂറ്റി മുപ്പത് ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിന് ഒടുവിൽ ‘മലൈക്കോട്ടൈ വാലിബന്’ പാക്കപ്പ്

ചെന്നൈ: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണം അവസാനിച്ചു. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് അവസാനിച്ചത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അവസാനം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞു.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം മലയാള സിനിമ ഏറ്റവും വലിയ പ്രതീക്ഷ വയ്ക്കുന്ന പ്രൊജക്ടുകളില്‍ ഒന്നാണ് ‘മലൈക്കോട്ടൈ വാലിബന്‍’.

ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു. ട്വീറ്റിന് പിന്നാലെ അച്ഛന്‍- മകന്‍ റോളിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Top