മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് സംബന്ധിച്ച് വിവരം പങ്കുവയ്ക്കുകയാണ് മോഹൻലാൽ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. നാളെ അതായത് ഏപ്രിൽ 14ന് വൈകുന്നേരം 5 മണിക്ക് പോസ്റ്റർ പുറത്തുവരും. ‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’, എന്നാണ് പുതിയ അപ്ഡറ്റ് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. ഫസ്റ്റ് ലുക്ക് 14ന് എത്തുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികളാണ്.