വന്‍ ഹൈപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം കാനഡയില്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോര്‍ട്ട്. മലൈക്കോട്ടൈ വാലിബന്‍ ഒരു തെന്നിന്ത്യന്‍ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയില്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കാനഡിയല്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന വാലിബന്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്നായിരുന്നു നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒരാള്‍ ചോദിച്ചതും മറുപടിയും ചര്‍ച്ചയായിരുന്നു. ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിന്റെ മറുപടി. അത് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും. സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാന്‍ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പ സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാന്‍ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നും പറയുകയായിരുന്നു മോഹന്‍ലാല്‍.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബനിലെ പ്രധാന ആകര്‍ഷണം. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.