ഭീഷണി നിലനില്‍ക്കെ മലാല പാക്കിസ്ഥാനില്‍ ; തിരിച്ചു വരവ് 6 വര്‍ഷത്തിനു ശേഷം

malala

ഇസ്ലാമാബാദ്: താലിബാന്‍ ഭീകരരുടെ കൈയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി.

സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരില്‍ താലിബാന്‍ ഭീകരര്‍ വെടിവച്ചു വീഴ്ത്തിയ ശേഷം ആദ്യമായാണ് മലാല വീണ്ടും പാക്കിസ്ഥാനില്‍ കാലുകുത്തുന്നത്.ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലാല പാക്കിസ്ഥാനിലെത്തുന്നത്.

ഇന്നു പുലര്‍ച്ചെ 1.30-ഓടെയാണ് മലാലയും മാതാപിതാക്കളും റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാലു ദിവസത്തോളം പാക്കിസ്ഥാനില്‍ തങ്ങുന്ന മലാല, പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് താലിബാന്‍ നേരത്തേ ഭീഷണിയുയര്‍ത്തിയിരുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനില്‍ ചികിത്സതേടുകയും ആരോഗ്യം വീണ്ടെടുത്തശേഷം അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയുമാണ്.

Top