അഫ്ഗാനിസ്ഥാൻ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാല യൂസഫ്സായിയുടെ ജീവിത കഥ ബോളിവുഡ് സിനിമയാകുന്നു.
സമാധാന നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ പ്രചോദനമായിമാറും.
‘ഗുല്‍ മകായ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അംജദ് ഖാനാണ്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് റിഷി, അഭിമന്യു സിംഗ്, അജാസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കൂടാതെ കാശ്മീരിലെ 150 ഓളം പ്രാദേശിക കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഈ വർഷം ജൂണിൽ പ്രദർശനത്തിനെത്തുന്ന ചിത്രം റിനൈസൻസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആനന്ദ് കുമാറാണ് നിർമ്മിക്കുന്നത്. 20 വയസുള്ള മലാലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടെലിവിഷൻ അഭിനേത്രി റീം ഷെയ്ക്കാണ്. ഗുൽമാർഗ്, സോനാമാർഗ്, ദാൽ തടാകം തുടങ്ങിയ സ്ഥലങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് ഇപ്പോൾ.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്കു 2014ല്‍ ആണ് നൊബേല്‍ സമ്മാനം ലഭിച്ചത്. മലാല ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസം. താലിബാന്റെ തോക്കില്‍മുനയില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ പോലും തലകുനിക്കാതെ പ്രതീക്ഷകളുടെ ആയിരം മെഴുകുതിരികള്‍ തെളിയിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാല ലോകമെമ്പാടുമുളള പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനമാണെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തിയത്.