നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആശംസകള്‍ക്കൊപ്പം ചില ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്തുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് എതിര്‍ത്ത് സംസാരിച്ചിരുന്ന മലാല ഇത്രനേരത്തേ വിവാഹിതയായത് എന്നായിരുന്നു പലരുടെയും ചോദ്യം. പിന്നാലെ മുമ്പ് മലാല വിവാഹത്തിനെതിരെ സംസാരിച്ച അഭിമുഖങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്തിനാണ് ആളുകള്‍ വിവാഹിതരാകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ജീവിതത്തിലേക്ക് ഒരാളെ കൂട്ടുന്നതിന് എന്തിനാണ് രേഖകളില്‍ ഒപ്പുവെക്കുന്നത് എന്നുമായിരുന്നു മുമ്പ് മലാല പറഞ്ഞത്. തനിക്ക് വിവാഹം കഴിക്കണമെന്ന് താല്‍പര്യമേ ഇല്ലായിരുന്നു എന്നും ഇപ്പോള്‍ മൂല്യങ്ങളില്‍ ഉറച്ചുകൊണ്ടുതന്നെ ആ വ്യവസ്ഥയെ അംഗീകരിച്ചതിനെക്കുറിച്ചും പങ്കുവെക്കുകയാണ് മലാല. ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തിലാണ് മലാല മനസ്സു തുറന്നത്.
എനിക്ക് വിവാഹം കഴിക്കണമെന്ന് താല്‍പര്യമേ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ മുപ്പത്തിയഞ്ചു വയസ്സു വരെയെങ്കിലും. ബന്ധങ്ങളെക്കുറിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ചോദിക്കുമ്പോള്‍ ഞാന്‍ ഇതുമാത്രമാണ് പറഞ്ഞിരുന്നത്. ഞാന്‍ വിവാഹത്തിന് എതിരെയായിരുന്നില്ല മറിച്ച് ആ ആചാരത്തിന് എതിരെയായിരുന്നു. വിവാഹം എന്ന വ്യവസ്ഥയുടെ പാട്രിയാര്‍ക്കല്‍ വേരുകളെയും വിവാഹശേഷം സ്ത്രീകള്‍ ചെയ്യണമെന്നു പറയപ്പെടുന്ന വിട്ടുവീഴ്ചകളെക്കുറിച്ചുമൊക്കെയാണ് ഞാന്‍ ചോദ്യം ചെയ്തത്. എന്റെ മനുഷ്യത്വവും സ്വാതന്ത്ര്യവും സ്ത്രീത്വവുമൊക്കെ നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയന്നു, അതിനുള്ള ഏക പരിഹാരം വിവാഹത്തെ ഒഴിവാക്കുക എന്നാണ് ഞാന്‍ ചിന്തിച്ചത്- മലാല പറഞ്ഞു.
നോര്‍ത് പാകിസ്ഥാനില്‍ ഏറെയും വിവാഹം എന്നത് സ്വന്തംകാലില്‍ നില്‍ക്കാനുള്ള മറ്റൊരു വഴിയായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങള്‍ പഠിച്ചില്ലെങ്കിലോ ജോലി നേടിയില്ലെങ്കിലോ നിങ്ങളുടേതായ ഇടം നേടിയില്ലെങ്കിലോ ഏകവഴി വിവാഹം കഴിക്കുക എന്നതാണ്. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അപ്പോള്‍ പറയും വിവാഹിതരാകൂ എന്ന്. പതിനാലാം വയസ്സില്‍ അമ്മയായ ഒരു സുഹൃത്തുണ്ടായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ ഒക്കെ വിവാഹമായിരുന്നു വീട്ടുകാരൊരുക്കുന്ന പരിഹാരം. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുക കഠിനമായിരുന്നു.
എന്നാല്‍ വിദ്യാഭ്യാസം നേടി അവബോധമുണ്ടാക്കി ശാക്തീകരിക്കപ്പെട്ട് വിവാഹം എന്ന വ്യവസ്ഥയെയും ബന്ധങ്ങളുടെ ഘടനയെയും പുനര്‍നിര്‍വചിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചു. എന്റെ സുഹൃത്തുക്കളും മെന്റര്‍മാരും ഇപ്പോഴത്തെ പങ്കാളി അസ്സറുമായുള്ള സംഭാഷണങ്ങള്‍ എങ്ങനെ എനിക്കൊരു ബന്ധത്തില്‍ നിലനില്‍ക്കാമെന്നും തുല്യത, നീതി, സമഗ്രത തുടങ്ങിയ എന്റെ മൂല്യങ്ങളില്‍ സത്യസന്ധമായി തുടരാമെന്നും സഹായിച്ചു. സംസ്‌കാരം എന്നത് ആളുകള്‍ ഉണ്ടാക്കുന്നതാണ്. അവര്‍ക്കത് മാറ്റുകയും ചെയ്യാം- മലാല പറഞ്ഞു.
അസ്സറിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും മലാല പങ്കുവെക്കുന്നുണ്ട്. 2018ലാണ് അസ്സറിനെ കണ്ടുമുട്ടുന്നത്. ഓക്‌സ്ഫഡില്‍ സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചു. അദ്ദേഹത്തിന് എന്റെ നര്‍മബോധം ഇഷ്ടമായി. ഞങ്ങള്‍ സുഹൃത്തുക്കളായി. ഞങ്ങള്‍ക്ക് സമാനമായ മൂല്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുകയും പരസ്പരം സൗഹൃദം ആസ്വദിക്കുകയും ചെയ്തു. സന്തോഷത്തിലും നിരാശയിലും ഞങ്ങള്‍ പരസ്പരം താങ്ങായി. അസ്സറില്‍ ഒരു നല്ല സുഹൃത്തിനെയും കമ്പാനിയനെയുമാണ് ഞാന്‍ കണ്ടെത്തിയത്. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇപ്പോഴും എനിക്കുത്തരമില്ല, പക്ഷേ വിവാഹത്തില്‍ സൗഹൃദവും സ്‌നേഹവും തുല്യതയുമൊക്കെ ആസ്വദിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
2012 ഒക്ടോബറിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാന്‍ തീവ്രവാദികളില്‍ നിന്നും വെടിയേറ്റത്. എന്നാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടര്‍ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.