മലമ്പുഴ അണക്കെട്ട് തുറക്കാന്‍ സാധ്യത; സംഭരണ ശേഷി ഇനി രണ്ട് മീറ്റര്‍ മാത്രം

പാലക്കാട്: സംസ്ഥാനത്ത് കനത്തെ മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ട് തുറക്കാന്‍ സാധ്യത. 115.6 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 113.05 മീറ്റര്‍ വെള്ളം ഇപ്പോഴുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ടില്‍ ഇത്രയധികം വെള്ളം നിറയുന്നത്.

അണക്കെട്ടിന്റെ സംഭരണശേഷി കടക്കാന്‍ ഇനി രണ്ട് മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ,113 മീറ്ററിലധികം ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ട് തുറക്കുന്നതിന്റെ മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 114 മീറ്ററില്‍ രണ്ടാമത്തെ മുന്നറിയിപ്പും 114.5 മീറ്ററില്‍ മൂന്നാമത്തെ മുന്നയിപ്പും നല്‍കിക്കഴിഞ്ഞാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും.

തുടര്‍ച്ചയായി മഴ ലഭിച്ചത് അണക്കെട്ടില്‍ അതിവേഗം ജല നിരപ്പ് ഉയരുന്നതിനു സഹായിച്ചു. 38 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് കഴിഞ്ഞ വര്‍ഷം അണക്കെട്ടില്‍ ഉണ്ടായിരുന്നത്. ഇത്തവണ ഇതിന്റെ അഞ്ച് മടങ്ങിലധികം വെള്ളം അണക്കെട്ടിലെത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 1.32 മീറ്ററാണ് ജലനിരപ്പുയര്‍ന്നത്. 2014ലാണ് അണക്കെട്ട് ഇതിനു മുന്‍പ് തുറന്നത്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടുകളിലും ശക്തമായ മഴയില്‍ ജലനിരപ്പുയരുകയാണ്. അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം ഡാമിലെത്തുന്നത് കൃഷിക്കും നിത്യോപയോഗത്തിനും ഉപകാരപ്പെടുമെന്ന ആശ്വാസത്തിലാണ് നാട്ടുകരും അധികൃതരും. മംഗലം ഡാമിന്റെ സംഭരണശേഷിക്കണക്കിലെടുത്ത് ഷട്ടറുകള്‍ നേരത്തെ തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ പാലക്കാട് ജില്ലയിലെ അണക്കെട്ടുകളും നിറഞ്ഞ് തുടങ്ങി.

Top