പള്ളിത്തര്‍ക്കം; ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍

ഷാര്‍ജ: പള്ളിത്തര്‍ക്കത്തില്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണത്തിന് സാധുതയില്ല. സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കോടതി വിധി നടപാക്കാന്‍ ആര്‍ജ്ജവമുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. പള്ളിത്തര്‍ക്കത്തില്‍ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ ഷാര്‍ജയില്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഹിത പരിശോധന വേണമെന്ന ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശയാണ് വിവാദത്തിലായത്. ശുപാര്‍ശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു.

Top