കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. സഭാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആത്മീയചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് ഇവരെ ഒഴിവാക്കിയത്. ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദര്‍ വര്‍ഗീസ് മര്‍ക്കോസ്, ഫാദര്‍ വര്‍ഗീസ് എം വര്‍ഗീസ്, ഫാദര്‍ റോണി വര്‍ഗീസ് എന്നിവരെയാണ് താത്കാലികമായി ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
പുറത്താക്കപ്പെട്ട വൈദികര്‍ക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു.ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയാണ് വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
മൂന്ന് വൈദികര്‍ക്കെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങള്‍ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു.കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരേ പരാതിയുയര്‍ന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.
നടപടിക്ക് വിധേയനായ മറ്റൊരു വൈദികന്‍ ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞ ദിവസം വാകത്താനത്ത് വെച്ച് അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞുവച്ചിരുന്നു.അനാശാസ്യം ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തേതന്നെ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ് ചെറുവള്ളില്‍. വിശ്വാസികളുടെ പരാതിയില്‍ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം. പ്രാഥമിക നടപടി മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തുടര്‍ന്ന് പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് നടപടിക്രമം. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദികര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കുക.