തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ആവശ്യമെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും.
സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും സി രവീന്ദ്രനാഥ്അറിയിച്ചു.
സംസ്ഥാനത്ത് 15 സ്‌കൂളുകള്‍ കൂടി സമാനമായ നിലയില്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.
മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ നിലനില്‍ക്കുന്ന ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ താത്കാലികമായി കളക്ടറേറ്റിലേക്ക് മാറ്റിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ അധ്യയനം കളക്ടറേറ്റിലെ കോണ്‍ഫ്രന്‍സ് ഹാളിലാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് കുട്ടികളെ കളക്ടറേറ്റിലേക്ക് കൊണ്ടുപോയത്.
സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ പഠന സംവിധാനം ഒരുക്കിയതായി എം എല്‍എ എ പ്രദീപ് കുമാര്‍ അറിയിച്ചിരുന്നു.
സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അനുവദിച്ചിരുന്നില്ല.
സ്‌കൂള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധി ആദ്യം നടപ്പിലാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി ഉള്ളതിനാല്‍ മറ്റൊന്നും ഉടനെ പരിഗണിക്കാനാകില്ലെന്നും സര്‍ക്കാരിന് പിന്നീട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.
സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്ന് നിയമസെക്രട്ടറി മന്ത്രിസഭയെ അറിയിച്ചിരുന്നു.