കോഴിക്കോട്: അടച്ചു പൂട്ടല്‍ ഭീഷണികള്‍ക്കിടയിലും ജനകീയ പ്രവേശനോത്സവം സംഘടിപ്പിച്ച് കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍. സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്നാണ് സ്‌കൂള്‍ മുറ്റത്ത് പന്തല്‍ കെട്ടി പ്രവേശനോത്സവം വര്‍ണ്ണാഭമാക്കിയത്. വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് തടയുന്നതിന് മാനേജ്‌മെന്റ് വീടുകള്‍ കയറി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതായും തിരുവണ്ണൂര്‍ പാലാട്ട് സ്‌കൂള്‍ പിടിഎ ആരോപിച്ചു.
വിദ്യാലയം അടച്ചു പൂട്ടാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരായ നിയമപോരാട്ടം സുപ്രീംകോടതി വരെയെത്തിയ മലാപ്പറമ്പ് സ്‌കൂളില്‍ ജനകീയ പ്രവേശനോത്സവമാണ് നടന്നത്. കളര്‍ ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച സ്‌കൂള്‍ മുറ്റത്തേക്കാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. 15 കുട്ടികള്‍ പുതുതായി ഈ വര്‍ഷം സ്‌കൂളിലെത്തി. ഇതില്‍ എട്ട് വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കവി രമേശ് കാവില്‍്, ഭാസി മലാപ്പറമ്പ് തുടങ്ങിയവര്‍ ജനകീയ പ്രവേശനോത്സവത്തിന്റെ ഭാഗമായി. മെഴുകുതിരി കത്തിച്ച് വിദ്യാര്‍ത്ഥികള്‍ അക്ഷരദീപം തെളിയിച്ചു.
ജില്ലയില്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്‌കൂളിലും നാട്ടുകാര്‍ ചേര്‍ന്നാണ് പ്രവേശനോത്സവം നടത്തിയത്. ഇവിടെ പതിനാറ് വിദ്യാര്ത്ഥികള്‍ ആദ്യ ദിവസമെത്തി. വിദ്യാര്ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പി.ടി.എ ആരോപിച്ചു.