തിരുവന്തപുരം: കോഴിക്കോട് ജില്ലയിലെ മലാപറമ്പ് എ യു പി സ്‌കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. നിയമ മന്ത്രിയുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചപൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എ ഇ ഓയെ കഴിഞ്ഞ ദിവസം സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെ എ ഇ ഓ മടങ്ങി.
തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാനായില്ലെന്ന് കാട്ടി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 27നകം ഇത് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ ഒരു കാരണവശാലും സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ സംരക്ഷണ സമിതി.
വിദ്യാഭ്യാസനിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്‌കൂള്‍ മാനേജര്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നുവെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആരോപണം. നിയമഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ വിദ്യാഭ്യസമന്ത്രി ഇടപെട്ടത്.