malaparanb school issue

ന്യൂഡല്‍ഹി: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

സ്‌കൂള്‍ പൂട്ടുന്നതിന് ആവശ്യത്തിലധികം സമയം നല്‍കിയിരുന്നുവെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് പി.സി.ഘോഷ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജൂണ്‍ എട്ടിനകം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. സ്‌കൂള്‍ അടച്ചു പൂട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍. മതിയായ സമയം നല്‍കിയതിന് ശേഷമാണ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം എടുത്തത്. മാത്രമല്ല, സ്‌കൂളിലെ അദ്ധ്യാപകരക്ഷകര്‍തൃ സമിതിയും സ്‌കൂള്‍ പൂട്ടുന്നതിനെ അനുകൂലിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

മാനേജ്‌മെന്റിന്റെ കൂടെ വാദം കേള്‍ക്കാതെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് കോടതിയില്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

ആദായകരമല്ലാത്ത സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ എ.എ.പദ്മനാഭന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 2014 ഏപ്രില്‍ 10 ന് മാനേജരുടെ നേതൃത്വലത്തില്‍ ഒരു സംഘം സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍, വിവിധ അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്‌കൂള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.

Top