malapparabu AUPschool -high court criticized the government

കൊച്ചി: കോഴിക്കോട്ടെ മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.

ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി. മാര്‍ച്ച് 31നകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടതാണ്.

എന്തു കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.

സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്െമന്റ് നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്.

ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നും മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് നിരവധി പോംവഴികള്‍ സര്‍ക്കാറിന്റെ മുമ്പിലുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

സ്‌കൂള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവ് സ്‌കൂള്‍ സംരക്ഷണസമിതി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് എ.ഇ.ഒക്ക് വ്യാഴാഴ്ച നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എതിര്‍പ്പിനെ തുടര്‍ന്ന് കോഴിക്കോട് സിറ്റി എ.ഇ.ഒ കെ.എസ് കുസുമത്തിന് മടങ്ങിപ്പോകേണ്ടി വന്നു.

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടില്ലെന്നും നിയമനടപടിയെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മാനേജര്‍ പി.കെ. പത്മരാജന്റെ ഹര്‍ജിയില്‍ മാര്‍ച്ച് 31നകം മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുകയായിരുന്നു.

Top