വന്‍ ക്രമക്കേട് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു

മലപ്പുറം: വന്‍ ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മലപ്പുറം എആര്‍നഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു. മുസ്ലീം ലീഗിലെ കെ ടി ലത്തീഫാണ് രാജിവച്ചത്. ബാങ്കിലെ നിരവധി ക്രമക്കേടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ അനധികൃത നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്.

ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരില്‍ നിക്ഷേപിച്ച അഞ്ച് കോടിയടക്കം കള്ളപ്പണം ആണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2018 ല്‍ തന്നെ ഇതേ ബാങ്കില്‍ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൌണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോനു സി. അമ്മു ശ്രീ എന്നിങ്ങനെ രണ്ട് വ്യാജ പേരുകളിലുണ്ടാക്കിയ അക്കൊണ്ടുകളിലൂടെയും ഇതേ ഉദ്യോഗസ്ഥന്‍ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല ഭരണസമിതിക്കെതിരെ.

 

Top