Malappuram blast; NIA-enqyuiry-about-satar bhai-relation

മലപ്പുറം: മലപ്പുറം കളക്ടറേറ്റിലെ ബോംബ് സ്‌ഫോടനത്തില്‍ ബോംബ് നിര്‍മ്മാണത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ തീവ്രവാദ സ്‌ഫോടനങ്ങളുടെ ആസൂത്രകനും ബോംബ് നിര്‍മ്മാണ വിദഗ്ദനുമായ സത്താര്‍ഭായിയുടെ ബന്ധം ചികഞ്ഞ് എന്‍ഐഎ.

1995ലെ പൈപ്പ് ബോംബ് കേസിലെ പ്രതിയായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിലെ കുറിയകല്ല് എടപ്പനത്തൊടി സൈനുദ്ദീന്‍ ഇന്ന് രാജ്യം കണ്ട കൊടുംതീവ്രവാദിയായി ഗുജറാത്ത് ജയിലിലാണ്.

ലഷ്‌ക്കര്‍ എ ത്വെയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സത്താര്‍ഭായി ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജയ്പൂര്‍ സ്‌ഫോടനങ്ങളിലെ പ്രതിയാണ്.

ബോംബ് നിര്‍മ്മാണത്തില്‍ അതിവിദഗ്ദനായ സത്താര്‍ ഭായി നേരത്തെ പരിശീലിപ്പിച്ചവരാണോ മലപ്പുറത്ത് ബോംബ് സ്‌ഫോടനം നടത്തിയതെന്ന നിഗമനത്തിലാണ് എന്‍.ഐ.എ സത്താര്‍ ഭായിയെ ചോദ്യം ചെയ്യുന്നത്.

അല്‍ ഉമ നേതാവായ കൊടുംഭീകരന്‍ ഇമാം അലിയാണ് സത്താര്‍ ഭായി അടക്കമുള്ളവര്‍ക്ക് മലപ്പുറത്തെത്തി ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയത്. തൊണ്ണൂറുകളില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി, വാറങ്കോട്, വേങ്ങര എന്നിവിടങ്ങളില്‍ താമസിച്ചാണ് പൈപ്പ് ബോംബ് നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയത്.

ഇമാം അലിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 100 പൈപ്പ് ബോംബുകള്‍ വേങ്ങരക്കടുത്ത് കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്നും 1995 ഡിസംബര്‍ 31ന് കണ്ടെടുത്തതോടെ ബോംബ് നിര്‍മ്മാണത്തിലെ തീവ്രവാദ ബന്ധം പുറത്തായെങ്കിലും പിന്നീട് തുടര്‍നടപടിയുണ്ടായില്ല.

ഇമാം അലി 1996ല്‍ ബാംഗ്ലൂരില്‍വെച്ച് കര്‍ണാടക ആന്റി ടെററിസ്റ്റ് സ്‌ക്വാഡുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

ഇമാം അലി കൊല്ലപ്പെട്ടതോടെ പൈപ്പ് ബോംബ് കേസിലെ മൂന്നാം പ്രതിയായിരുന്ന സൈനുദ്ദീന്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിന് ശേഷം ഉത്തരേന്ത്യയില്‍ സത്താര്‍ഭായി എന്ന പേരില്‍ ഭട്കല്‍ സഹോദരന്‍മാരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീനിലും പിന്നീല് ലഷ്‌ക്കര്‍ എ ത്വെയ്ബയിലും പ്രവര്‍ത്തിക്കുകയായിരുന്നു.

റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം വഴി സ്‌ഫോടനം നടത്താവുന്ന ബോംബുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനാണ് സത്താര്‍ ഭായി. സത്താര്‍ ഭായിയില്‍ നിന്നും കേരളത്തില്‍ തീവ്രവാദ ബന്ധമുള്ള നിരവധി പേര്‍ ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് എന്‍.ഐ.എ.

സത്താര്‍ ഭായിയുടെ മകളെയാണ് കാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ മരിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുറഹീം വിവാഹം കഴിച്ചത്.

മലപ്പുറം കളക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയത് അല്‍ഉമയുടെ പുതിയ പതിപ്പായ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അല്‍ ഉമ ബന്ധം തന്നെയാണ് ബോംബ് നിര്‍മ്മാണത്തിലെ സത്താര്‍ ഭായി ബന്ധം അന്വേഷിക്കാന്‍ ഇടയാക്കിയത്.

Top