malappuram blast-nia

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ അഞ്ചംഗസംഘം മലപ്പുറത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള ക്യൂബ്രാഞ്ചും എന്‍.ഐ.എയോടൊപ്പം എത്തിയിട്ടുണ്ട്.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുലേഖകളും സംഘം പരിശോധിക്കും. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയും മൈസൂരുവില്‍ അടുത്തിടെ നടന്ന സ്‌ഫോടനത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക പോലീസ് സംഘവും ഇന്ന് മലപ്പുറത്ത് എത്തുന്നുണ്ട്.

ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ ലഘുലേഖകളാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ളത്. നേരത്തെ കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരുവിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്‌മെന്റെന്ന സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൈസൂരു സ്‌ഫോടനം അന്വേഷിച്ച സംഘം ഇന്ന് മലപ്പുറത്തെത്തുന്നത്.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഉസാമ ബിന്‍ ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയില്‍ ‘ഇന്‍ ദ നെയിം ഓഫ് അള്ളാ’ എന്നുതുടങ്ങുന്ന വിവരണത്തില്‍ ബീഫ് വിവാദവും യു.പി സ്വദേശി അഖ്‌ലാഖ് ബീഫ് കൈവശം വച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട സംഭവവും പ്രതിപാദിക്കുന്നുണ്ട്.

Top